കോട്ടയം: കണമല ഉൾപ്പെടെ ശബരിമല പാതയിലെ അപകട മേഖലകളിൽ വിവിധ ഭാഷകളിൽ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ ശനിയാഴ്ച നടന്ന ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി.
കണമലയിൽ മൂന്നു ഭാഗത്തുനിന്നും വരുന്ന അയ്യപ്പഭക്തർ ഒറ്റ വഴിയിലൂടെ കണമല പാലം കയറി വേണം പമ്പയ്ക്ക് പോകാൻ. ഇത് ഗതാഗത പ്രശ്‌നങ്ങളുണ്ടാക്കുന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇ
തര ഭാഷകളിലുൾപ്പെടെ ഇവിടെ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാമെന്ന് പൊതുമരാമത്തു വിഭാഗം അധികൃതർ യോഗത്തെ അറിയിച്ചു.
കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ എരുമേലിയിലേക്ക് തിരിയുന്നതിനുള്ള വ്യക്തമായ സൂചനാ ബോർഡ് സ്ഥാപിക്കാനും എം.എൽ.എ. നിർദ്ദേശം നൽകി. നേരിട്ടുള്ള പമ്പ ബസുകൾ കുറുവാമൂഴിയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് പുതിയ റോഡിലൂടെ പോയാൽ എരുമേലി ടൗണിലെ തിരക്ക് കുറയ്ക്കാമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചൂണ്ടിക്കാട്ടി.
പാറത്തോട് പഞ്ചായത്തിലെ വലിയ കയം ,എരുമേലി പഞ്ചായത്തിലെ കരിമ്പുകയം എന്നീ കുടിവെള്ള പദ്ധതികളുടെ സ്രോതസുകൾ കല്ലും മണ്ണും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞ നിലയിലാണെന്നും ഇത് നീക്കം ചെയ്യാൻ നടപടി വേണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി അഞ്ചു വിളക്ക് -പണ്ടകശാല റോഡ്, ഡീലക്‌സ് പടി - ഇ.എം.എസ്. പടി റോഡ് എന്നിവയുടെ സർവേ, വിലനിർണയ നടപടികൾ പൂർത്തിയായി വരുന്നതായി ജില്ലാവികസനസമിതിയോഗം അറിയിച്ചു. തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ വേണമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു.
ചങ്ങനാശേരി താലൂക്ക് ഓഫീസിന്റെ നവീകരണം ഉടൻ പൂർത്തിയാക്കുമെന്നും മൂന്നരക്കോടി രൂപ മുടക്കി നിർമിക്കുന്ന ചങ്ങനാശേരി പോലീസ് സ്്‌റ്റേഷന്റെ സ്ട്രക്ചറൽ ഡിസൈൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും പൊതുമരാമത്തു കെട്ടിട വിഭാഗം അറിയിച്ചു.
ചങ്ങനാശേരി മണ്ഡലത്തിലെ നെൽകർഷകർക്ക് ലഭ്യമാക്കിയ നെൽവിത്തുകൾ മുളയ്ക്കാത്തതു സംബന്ധിച്ച പരാതി പരിഹരിച്ചതായും പാടശേഖര സമിതി വഴി പകരം വിത്ത് വിതരണം ചെയ്തതായും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയുടെ ബഹുനില കെട്ടിടം പണിയുന്നതിന്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് കോടിമത-മുപ്പായിക്കാട് റോഡ് ഉയർത്തുന്നതിന് ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുമെന്നു യോഗം അറിയിച്ചു.
ഇവിടെ സംരക്ഷണ ഭിത്തികെട്ടുന്നതിന് എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.
കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെയും മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുമുള്ള ഭാഗത്തെ പതിനായിരത്തോളം കുടുംബങ്ങൾക്ക് റോഡ് പണികളുടെ ഭാഗമായി കുടിവെള്ള വിതരണം മുടങ്ങിയത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു.
കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെ കുടിവെള്ള പൈപ്പിടാൻ കുഴിച്ച റോഡ് മൂടിയെങ്കിലും പല ഭാഗത്തും കുഴിഞ്ഞ് യാത്ര ദുഷ്‌കരമായതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചൂണ്ടിക്കാട്ടി. റോഡിന്റെ ഉപരിതല ടാറിങ് ജോലികൾ ഒരു മാസത്തിനകം നടത്തുമെന്ന് ദേശീയപാതാ വിഭാഗം പ്രതിനിധി അറിയിച്ചു.
പത്തിലധികം ജീവനക്കാരുള്ള എല്ലാ സർക്കാർ, പൊതുമേഖലാ , സ്വകാര്യ സ്ഥാപനങ്ങളും തൊഴിലിടത്തിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ 2025 മാർച്ച് എട്ടിനു മുൻപായി രൂപീകരിക്കാനുള്ള സർക്കാർ നിർദേശം കർശനമായി നടപ്പാക്കണമെന്നു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ യോഗത്തിൽ അറിയിച്ചു.
പോഷ് ആക്ടിനേക്കുറിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് ജില്ലാ വികസനസമിതിയോഗത്തിൽ അവതരണം നടത്തി.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റു കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി.ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.