ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി നടത്തിവരുന്ന ജനകീയ സമരം അഞ്ചാം ഘട്ടത്തിലേക്ക്. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലേക്കു മാര്‍ച്ചും ധര്‍ണയും, അനിശ്ചിതകാല സത്യാഗ്രഹം, പ്രാദേശിക ഹര്‍ത്താല്‍ തുടങ്ങി നിരവധി സമരപരിപാടികള്‍ നടത്താന്‍ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി ഒക്ടോബര്‍ 14 ന് കുറിച്ചി വില്ലേജ് ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനാണ് ഭാരവാഹികളുടെ തീരുമാനം.
ദലിതരും പിന്നാക്കക്കാരുമടക്കം നിരവധി പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണു കുറിച്ചിയും സമീപപഞ്ചായത്തുകളും. അവരുടെ ഏക ആശ്രയമാണ് ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുള്ള ഈ സര്‍ക്കാര്‍ ആശുപത്രി. ഇത് അടച്ചു പൂട്ടുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയും അവരുടെ മൗലികാവകാശത്തെ നിക്ഷേധിക്കലുമാണെന്നു പ്രവത്തക സമിതിയോഗം ആരോപിക്കുന്നു.
1936ലാണ് ആശുപത്രി സ്ഥാപിതമായത്. സ്ത്രീ, പുരുഷ കുട്ടികള്‍ക്കുള്ള വാര്‍ഡുകളും അറുപതോളം കിടക്കകളുമുണ്ടായിരുന്നു. കൊവിഡ് കാലത്ത് കിടത്തി ചികിത്സ താല്‍ക്കാലികമായി നിര്‍ത്തുകയും പിന്നീട് രണ്ടര വര്‍ഷം മുന്‍പ് കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തു. ഇതോടെ ആശുപത്രിയില്‍ ഒ.പി സേവനം മാത്രമായി ഒതുങ്ങി.
സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രിക്ക് വേണ്ട യാതൊരുവിധ സൗകര്യങ്ങളും ഇപ്പോള്‍ ഇവിടെയില്ല. ഒന്‍പത് ഡോക്ടര്‍മാരുടെ സേവനവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സിയും കിടത്തിചികിത്സയും ആവശ്യമുള്ള ആശുപത്രിയില്‍ ഇപ്പോള്‍ ഇതൊന്നും ലഭ്യമല്ലെന്നു നാട്ടുകാര്‍ പറയുന്നു