കോട്ടയം ജില്ലയിലെ പത്താംക്ലാസ് പാസാകാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്കായി സൗജന്യപഠനപദ്ധതി

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിൽ ചേർത്താണ് തുടർപഠനത്തിന് അവസരം ഒരുക്കുക. ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് മേറ്റുമാരും സാക്ഷരതാ പ്രേരക്മാരും ചേർന്ന് സംഘടിപ്പിക്കുന്ന സർവേയിലൂടെ പഠിതാക്കളെ കണ്ടെത്തും

New Update
saksharatha mission survey

കോട്ടയം: ജില്ലയിലെ പത്താംക്ലാസ് പാസാകാത്ത തൊഴിലുറപ്പു തൊഴിലാളികൾക്ക് സൗജന്യ പഠനത്തിന് അവസരമൊരുക്കി ജില്ലാ സാക്ഷരതാമിഷൻ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി പഠനപദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പത്താംതരം പാസാകാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് പദ്ധതിയുടെ ഭാഗമായി തുടർപഠനം നടത്താം.

Advertisment

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിൽ ചേർത്താണ് തുടർപഠനത്തിന് അവസരം ഒരുക്കുക. ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് മേറ്റുമാരും സാക്ഷരതാ പ്രേരക്മാരും ചേർന്ന് സംഘടിപ്പിക്കുന്ന സർവേയിലൂടെ പഠിതാക്കളെ കണ്ടെത്തും. മാർച്ച് 31നകം പഠിതാക്കളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കും. കുമരകം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നടന്ന സർവേ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി ഉദ്ഘാടനം ചെയ്തു.

കുമരകം ഗ്രാമപഞ്ചായത്തിൽ പദ്ധതിക്കായി ഒരു ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡന്റ് ധന്യ സാബു അറിയിച്ചു. സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ജോഫി ഫിലിപ്പ്, എസ്.പി. രശ്മികല, സാക്ഷരത മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ആർ. സിംല, പ്രേരക് ആർ. ഷൈലമ്മ, തൊഴിലുറപ്പ് മേറ്റ് കെ.ഡി. സുഭാഷിണി, എ.ഡി.എസ്. ഭാരവാഹികളായ സാലി ജോയി, ലത എന്നിവർ പങ്കെടുത്തു.

Advertisment