എസ്ഐആർ കരട് വോട്ടർപട്ടിക; നിയോജക മണ്ഡലം, വില്ലേജ് തലങ്ങളിൽ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ(എസ്ഐആർ)കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ചർച്ച ചെയ്യാൻ നിയോജകമണ്ഡം, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.

New Update
sir

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ(എസ്ഐആർ)ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു. ഇലക്ടറൽ റോൾ ഒബ്സർവർ ടിങ്കു ബിസ്വാൾ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്നിവർ സമീപം.

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ(എസ്ഐആർ)കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ചർച്ച ചെയ്യാൻ നിയോജകമണ്ഡം, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.

Advertisment

ജില്ലയിലെ ഇലക്ടറൽ റോൾ ഒബ്സർവർ ടിങ്കു ബിസ്വാളിന്റെ  അധ്യക്ഷതയിൽ ചേർന്ന  ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ജില്ലാതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 

അർഹതയുള്ള ഒരാൾക്കും വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗത്തിൽ പങ്കെടുത്ത സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചു. 

തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പരിശോധന നടത്തിയ ശേഷമേ ഒഴിവാക്കലിന് നടപടികൾ സ്വീകരിക്കൂ എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി. 

കഴിഞ്ഞ ഒക്ടോബർ 27ന് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന ജില്ലയിലെ 1611002 വോട്ടർമാരിൽ  1449740 പേർ എസ്.ഐ.ആർ കരട് പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. 

വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല ഏജന്റുമാർക്ക് പട്ടിക കൈമാറിയിരുന്നു. ബി.എൽ.എമാരുടെ യോഗവും ചേർന്നിരുന്നു. 

പുതിയ ബൂത്തുകളിൽ പലതും വോട്ടർമാർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാണെന്ന്  യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കാമെന്ന് കളക്ടർ ഉറപ്പുനൽകി. 

 രാഷ്ട്രീയപാർട്ടികളെയും എം.എൽ.എമാരെയും പ്രതിനിധീകരിച്ച് കെ.എം. രാധാകൃഷ്ണൻ, കുഞ്ഞ് ഇല്ലംപള്ളി, അശോക് മാത്യു, രാജു ആലപ്പാട്ട്, ശ്രീകാന്ത് എസ്.ബാബു, സാജു എം. ഫിലിപ്പ്, അഡ്വ. വി.ആർ.ബി. നായർ, എസ്.പി. സുമോദ്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർമാരായ കെ.പി. ദീപ, സോളി ആൻറണി, ഷാഹിന രാമകൃഷ്ണൻ, എം. ഉഷാകുമാരി എന്നിവർ പങ്കെടുത്തു.

Advertisment