കോട്ടയം: മുദ്രാവാക്യം വിളിക്കാന്‍ പ്രവര്‍ത്തകരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തടിച്ചു കൂടി ആശംസ അറിയിക്കുന്ന ജനക്കൂട്ടവുമില്ലാതെ ജയിച്ച പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുടെ വീട്. ലോക്‌സഭാ ഇലക്ഷന്‍ കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോള്‍ കോട്ടയത്തു നിന്നു വീണ്ടും ഒരു എം.പി. അതും അങ്ങകലെ ബ്രട്ടീഷ് പാര്‍ലമെന്റില്‍.
ആഷ്‌ഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡാമിയന്‍ ഗ്രീനിനെ പരാജയപ്പെടുത്തി ഐതിഹാസിക വിജയം കരസ്ഥമാക്കിയിരിക്കുകയാണ്.
ക്‌നാനായ സമുദായാംഗമായ കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെ(ആഞ്ഞേല്‍ കൊച്ച്)യും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ബ്രൈറ്റ ജോസഫും യു.കെയില്‍ നഴ്‌സാണ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.
ബംഗളുരൂവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷമാണു സോജന്റെ മാതാവ് ഏലിക്കുട്ടി മരണപ്പെടുന്നത്.
ആഷ്‌ഫെഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍.എച്ച്.എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് മേധാവിയുമാണു സോജന്‍ ജോസഫ്. 2001 ലാണു ബംഗളൂരുവിലെ നഴ്‌സിങ് പഠനത്തിനു ശേഷം സോജന്‍ ലണ്ടനില്‍ എത്തുന്നത്. 2002 മുതല്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. 2015 ല്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.
സോജന്‍ ഭാര്യയും മൂന്നു കുട്ടികളുമായി ആഷ്‌ഫോഡില്‍ തന്നെയാണു താമസം. ഹെല്‍ത്ത്‌കെയര്‍ ലീഡര്‍ഷിപ്പില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സോജന്‍ നിലവില്‍ എയില്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റൗര്‍ വാര്‍ഡിലെ ലോക്കല്‍ കൗണ്‍സിലറായ സോജന്‍ 'കെന്റ് ആന്‍ഡ് മെഡ്വേ എന്‍.എച്ച്.എസ് ട്രസ്റ്റിലെ' മെന്റല്‍ ഹെല്‍ത്ത് ഡിവിഷനില്‍ ഹെഡ് ഓഫ് നഴ്‌സിങ് ചുമതലയുള്ള അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളാണ്.
/sathyam/media/media_files/og48waeNrApKPMhSZESq.jpg)
സോജന്റെ കൈപ്പുഴയിലെ വീടാകെ സന്തോഷത്തിലാണ്. നാട്ടുകാരും ബന്ധുക്കളും വിവരമറിഞ്ഞു വീട്ടിലേക്കെത്തി. പിതാവ് ജോസഫ് കൈപ്പുഴയിലെ വീട്ടിലുണ്ട്. കഴിഞ്ഞ മാസമാണ് സോജന്‍ നാട്ടില്‍ വന്നു മടങ്ങിയത്. മകന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നു പിതാവ് ജോസഫ് പറഞ്ഞു. വിജയത്തിനായി പ്രാര്‍ഥിച്ചിരുന്നു. മകന്‍ മത്സരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ആദ്യം അമ്പരപ്പാണു തോന്നിയത്. അന്നു നിനക്ക് ഇതിന്റെ ആവശ്യം ഉണ്ടോ എന്നു പോലും ചോദിച്ചിരുന്നു. ഇപ്പോള്‍ ഫലം വന്നപ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും പിതാവ് ജോസഫ് പറയുന്നു.
ഫല പ്രഖ്യാപനത്തിനു ശേഷം ഇതുവരെ സോജനു വിളിക്കാന്‍ സാധിച്ചിട്ടില്ല, തെരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു നാളുകളായി സോജനു വലിയ തിരക്കിലായിരുന്നു. അതിന്റെയെല്ലാം ഫലമാണ് വിജയമെന്നും ജോസഫ് പ്രതികരിച്ചു.
സോജന്റെ സഹോദരങ്ങള്‍ ഉള്‍പ്പടെ കൈപ്പുഴയിലെ വീട്ടിലേക്ക് എത്തിയിരുന്നു. വിജയാഘോഷങ്ങളുടെ ഭാഗമായി എത്തിയവര്‍ക്കു ലഡു വിതരണവും നടത്തി. മന്ത്രിമാരടക്കം നിരവധി പേരാണ് സോജന്‍ ജോസഫിന് അഭിനന്ദനം അറിയിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നത്.