/sathyam/media/media_files/2025/10/20/ktm-2025-10-20-18-13-47.jpg)
കുറവിലങ്ങാട് ഇടവക 27-ാം വാർഡ് ഒന്നാം യൂണിറ്റിന്റെ നേതൃത്വത്തിൽ നാമഹേതുകനായ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ ചിത്രം സുഗന്ധവ്യജ്ഞനങ്ങളാൽ നിർമ്മിച്ച് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ മാർ കാവുകാട്ട് മ്യൂസിയത്തിൽ ഏറ്റുവാങ്ങിയപ്പോൾ
കുറവിലങ്ങാട്: നാമഹേതുകന്റെ ചിത്രം സുഗന്ധവ്യജ്ഞനങ്ങളാൽ നിർമ്മിച്ച് സമർപ്പിച്ച് കുടുംബകൂട്ടായ്മ യൂണിറ്റ്.
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ 27-ാം വാർഡിലെ ഒന്നാം കുടുംബകൂട്ടായ്മ യൂണിറ്റാണ് പുണ്യവഴികൾ തേടി പുതിയ മാതൃക സ്വീകരിച്ചത്.
ദൈവദാസൻ മാർ മാത്യു കാവുകാട്ടാണ് യുണിറ്റിന്റെ നാമഹേതുകൻ. ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ടിന്റെ അനുസ്മരണ വാർഷികത്തോടനുബന്ധിച്ചാണ് ആർച്ച്ബിഷപ്പിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയോട് ചേർന്നുള്ള കബറിട പള്ളിയിൽ കൂട്ടായ്മ അംഗങ്ങൾ എത്തിയത്.
പ്രത്യേകസുഗന്ധവ്യജ്ഞനങ്ങളാൽ നിർമ്മിച്ച ചിത്രം കബറിടത്തിങ്കൽ സമർപ്പിച്ചു.
തുടർന്ന് ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ട് വൈദികനായിരിക്കെ വിശുദ്ധ കുർബാനയർപ്പിച്ചിരുന്ന പള്ളിയിൽ അസി. വികാരി ഫാ. തോമസ് താന്നിമലയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടത്തി. മാർ മാത്യു കാവുകാട്ട് മ്യൂസിയത്തിലേക്ക് ചിത്രം കൈമാറി.
കുറവിലങ്ങാട് ഇടവക പള്ളിയിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം ആർച്ച്പ്രീസ്റ്റ് റവ.ഡോ.തോമസ് മേനാച്ചേരി ഫ്‌ളാഗ് ഓഫ് ചെയ്തു. അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പ്രാർത്ഥനകളോടെയാണ് ചങ്ങനാശ്ശേരി കത്തീഡ്രലിലേക്കുള്ള തീർത്ഥാടനം ആരംഭിച്ചത്.
പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർ സണ്ണി വെട്ടിക്കാട്ട്,യൂണിറ്റ് പ്രസിഡന്റ് പോൾസൺ ചേലക്കാപ്പിള്ളിൽ, സെക്രട്ടറി സുമി റോയി ഓലിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മാർ മാത്യു കാവുകാട്ട് നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്റർ ചിത്രം ഏറ്റുവാങ്ങി.
ചുക്ക്, മഞ്ഞൾ, ഏലക്ക, ഗ്രാമ്പൂ, കുരുമുളക്, കറുവ എന്നിങ്ങനെ പത്തിനം സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്.
ഒരുമാസത്തോളം നീണ്ട പരിശ്രമങ്ങളിലാണ് ചിത്രം ഒരുക്കിയതെന്ന് യൂണിറ്റ് ഭാരവാഹികളായ പോൾസൺ ചേലയ്ക്കാപ്പള്ളിയും സുമി റോയിയും പറഞ്ഞു.
ചിത്രകലയിൽ ശ്രദ്ധേയനായ സണ്ണി ഇടത്തിനാലാണ് ചിത്രം ക്രമീകരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്.