ലഹരിക്കെതിരേ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പ്രചാരണം

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ലക്ഷ്യ 2025' എന്ന പ്രചാരണപരിപാടി സ്‌കൂളുകളിൽ നടപ്പാക്കും

New Update
anti-drugs

കോട്ടയം: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തി തടയുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  'ലക്ഷ്യ 2025' എന്ന പ്രചാരണപരിപാടി സ്‌കൂളുകളിൽ നടപ്പാക്കും.

Advertisment

എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുക.  ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന 81 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

കഴിഞ്ഞ വർഷം ആരംഭിച്ച വന്ദനം പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിൻ ഒക്ടോബർ പകുതിയോടെ ആരംഭിച്ച് 2026 ഫെബ്രുവരിയിൽ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

 പോസ്റ്ററുകളും വീഡിയോകളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച്  ലഹരി വിരുദ്ധപ്രചാരണം പരിപാടിയുടെ ഭാഗമായി നടത്തും. അധ്യാപകർ, പി.ടി.എ. അംഗങ്ങൾ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്ക് എക്സൈസ് ഉദ്യോഗസ്ഥർ ബോധവത്കരണ ക്ലാസ് എടുക്കും. തിരഞ്ഞെടുക്കപ്പെട്ട സമിതി പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി നിരന്തരം വിലയിരുത്തും.  

 സ്‌കൂളുകളിൽ ലഹരിയുടെ സാന്നിധ്യമുണ്ടോ എന്ന് എക്സൈ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കും. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് കൗൺസലിങും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കും. ലഹരിയുടെ സാന്നിധ്യം ഇല്ലെന്നുറപ്പാക്കുന്നവയെ മാതൃകാ സ്‌കൂളുകളായി പ്രഖ്യാപിക്കും.
 
  പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഡോ. ബഞ്ചമിൻ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ പ്രഥമാധ്യാപകർ, പ്രിൻസിപ്പൽമാർ, പി.ടി.എ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisment