/sathyam/media/media_files/2025/09/24/quiz-competition-2025-09-24-19-47-34.jpg)
കോട്ടയം: കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം ജനുവരി 12 മുതൽ സംസ്ഥാനവ്യാപകമായി ആരംഭിക്കും.
പൊതുവിജ്ഞാനം, സാമൂഹിക ബോധം, കേരളത്തിന്റെ നവോത്ഥാന–വികസന മുന്നേറ്റങ്ങൾ എന്നിവ പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.
സ്‌കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും.
വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് മൽസരം സംഘടിപ്പിക്കുന്നത്.
സ്‌കൂൾ വിഭാഗത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരങ്ങൾക്ക് ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലാണ് മത്സരം.
സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെയാണ് അന്തിമ വിജയിയെ കണ്ടെത്തുക. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായാണ് മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീം അടിസ്ഥാനത്തിലുമുള്ള മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന തല ഗ്രാൻഡ് ഫിനാലെയിലൂടെയാണ് കോളേജ് വിഭാഗത്തിലെ അന്തിമ വിജയിയെ നിർണയിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us