Advertisment

ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ വേര്‍പാടില്‍ പങ്കുചേര്‍ന്നു പൊന്‍കുന്നവും; ഭാര്യ ജെസിക്കൊപ്പം സുശീല്‍ കുമാര്‍ മോദി പൊന്‍കുന്നത്തെ ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തിയത് പലതവണ; സംസ്‌കാര ചടങ്ങുകള്‍ പെട്ടെന്നായതിനാല്‍ പങ്കെടുക്കാനാകാതെ  പൊന്‍കുന്നത്തെ ബന്ധുക്കള്‍

മരണവിവരം ജെസി വിളിച്ച് അറിയിച്ചിരുന്നുവെന്നു ബന്ധുവായ ജേക്കബ് പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ പെട്ടെന്നായതിനാല്‍ പങ്കെടുക്കാനായില്ല. അടുത്തദിവസം കുടുംബാംഗങ്ങള്‍ അവിടേക്ക് പോകുമെന്നും കുടുംബാഗങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Sushil Kumar Modi Jessie George

കോട്ടയം: അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീല്‍ കുമാര്‍ മോദിയുടെ വേര്‍പാടില്‍ പങ്കുചേര്‍ന്നു പൊന്‍കുന്നവും. സുശീല്‍ കുമാര്‍ മോദിയുടെ ഭാര്യ ജെസി ജോര്‍ജ് പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗമാണ്. പലതവണ പൊന്‍കുന്നത്തെ ബന്ധുവീടുകളില്‍ ജെസിക്കൊപ്പം സുശീല്‍ കുമാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. എ.സി.ജോര്‍ജിന്റെയും റോസിയുടെയും മകളായ ജെസി ജനിച്ചതും വളര്‍ന്നതും മുംബൈയിലായിരുന്നു.

Advertisment

ട്രെയിന്‍ യാത്രക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. മുംബൈ മലയാളിയായിരുന്ന ജെസി ജോര്‍ജ് ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി കശ്മീരിലേക്കു ട്രെയിനില്‍ പോകുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുംബൈയിലെ എ.ബി.വി.പി ആസ്ഥാനത്ത് എത്തിയ ശേഷം സുശീലിന്റെ മടക്കയാത്ര ഇതേ ട്രെയിനിലായിരുന്നു. ട്രെയിനില്‍ വെച്ചു ഇരുവരും പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു.

1987ല്‍ നാഗ്പൂരില്‍ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ വെച്ചായിരുന്നു ഇവരുടെ ലളിതമായ വിവാഹം. ബന്ധുക്കള്‍ അന്നു പങ്കെടുത്തില്ലെങ്കിലും പിന്നീട് ഇവരുമായി അടുത്തബന്ധത്തിലായിരുന്നു. ഉപമുഖ്യമന്ത്രിയായതിനു ശേഷവും സുശീല്‍ കുമാര്‍ മോദി കോട്ടയം ജില്ലയില്‍ ജെസിയുടെ ബന്ധുവീടുകളില്‍ പലതവണ എത്തിയിരുന്നു. ജെസിക്കൊപ്പം പൊന്‍കുന്നത്തെ കുടുംബ വീട്ടിലെത്തിയിട്ടുണ്ട്.

 

ജെസിയുടെ അച്ഛന്റെ ഇളയ സഹോദരനായിരുന്നു കുടുംബ വീട്ടില്‍ താമസം. പിന്നീട് ഇവര്‍ ഇവിടെ നിന്നും താമസം മാറിയപ്പോള്‍ സന്ദര്‍ശനം കോട്ടയത്തു കഞ്ഞിക്കുഴിയിലുള്ള ജേക്കബ് റെസ്‌കിന്റെയും മാധവന്‍ പടിയിലുള്ള ജോയ്‌സിന്റെയും വീട്ടിലേക്കായി. ജെസിയുടെ അച്ഛന്റെ സഹോദരി പുത്രനാണു ജേക്കബ്. സഹോദരി പുത്രിയാണു ജോയ്‌സ്. ജോയ്‌സിന്റെ ഭര്‍ത്താവ് വര്‍ക്കി രാജന്‍ പൊന്‍കുന്നം വര്‍ക്കിയുടെ മകനാണ്. കല്യാണ ശേഷം ബീഹാറില്‍ കോളജ് പ്രഫസറായി ജോലി ചെയ്യുകയായിരുന്നു ജെസി. ഉത്കര്‍ഷ് തഥാഗത്, അക്ഷയ് അമൃതാന്‍ഷു എന്നിവര്‍ മക്കളാണ്.

മരണവിവരം ജെസി വിളിച്ച് അറിയിച്ചിരുന്നുവെന്നു ബന്ധുവായ ജേക്കബ് പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ പെട്ടെന്നായതിനാല്‍ പങ്കെടുക്കാനായില്ല. അടുത്തദിവസം കുടുംബാംഗങ്ങള്‍ അവിടേക്ക് പോകുമെന്നും കുടുംബാഗങ്ങള്‍ അറിയിച്ചു.

Advertisment