ആനിക്കാട് ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിൽ പാരമ്പര്യ ചിട്ടയോടെ അനുഷ്ഠിച്ച് വരുന്ന തിരുവാതിര ആഘോഷങ്ങൾക്ക് സമാപനമായി

New Update
anikkad sankaranarayana temple

പള്ളിയ്ക്കത്തോട്: ആനിക്കാട് ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിൽ 2025 ഡിസംബർ 28 -ാം തീയതി ധനുമാസത്തിലെ രേവതി നാളിൽ പരമ്പരാഗത ചിട്ടയോടെ ആരംഭിച്ച തിരുവാതിര ആഘോഷങ്ങൾക്ക് സമാപനമായി. 

Advertisment

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അനുതാര രാജഗോപാൽ തിരുവാതിര ദിനത്തിൽ ഭദ്രദീപം തെളിയിച്ചതോടെ സമാപന ചടങ്ങുകൾക്ക് തുടക്കമായി.

anikkad tample

മകയിരം നാളിൽ, തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രസിദ്ധമായ എട്ടങ്ങാടി നിവേദിച്ച് സ്ത്രീകൾ ആത്മീയ നിർവൃതിയിൽ ലയിച്ചു.

നറുനെയ്യ് പകർന്ന, ഏഴ് തിരികൾ തെളിയിച്ച  നിലവിളക്കിൽ ശ്രീപാർവ്വതീ ദേവീയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് സങ്കൽപിച്ചാണ്  നിലവിളക്കിൻ മുന്നിൽ എട്ടങ്ങാടി നേദിച്ചത്. 

നേദ്യത്തിന് ശേഷം, ആനിക്കാട് ശ്രീ ശങ്കരനാരായണ തിരുവാതിര കളരി, വിസ്മയ പള്ളിക്കത്തോട്, സ്വസ്തി ശങ്കരനാരായണ ആനിക്കാട് തുടങ്ങിയ തിരുവാതിര സമിതികളുടെ നേതൃത്വത്തിൽ നടന്ന തിരുവാതിരകളി ആസ്വദിക്കാൻ നൂറ് കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. 

രാത്രി 12 ന്, തിരുവാതിരയുടെ പ്രധാന ചടങ്ങായ "പാതിരപ്പൂവ്" ചൂടി മങ്കമാർ മംഗലാതിര ആലപിച്ച് തിരുവാതിര ചടങ്ങുകൾ അവസാനിപ്പിച്ചു. 

ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈവിടാൻ കൂട്ടാക്കാതെ പുതുതലമുറ ഇക്കാലത്തും മുന്നോട്ട് വരുന്നത് മലയാളിയുടെ നാളെകളിൽ ഗൃഹാതുരത്വം ഉണർത്താൻ വേണ്ടിയാണ്. 

anikkad temple-2

ധനുമാസവും, ധനുമാസക്കുളിരും, കുളിർനിലാവും, തിരുവാതിര നോയമ്പും, തിരുവാതിര ശീലുകൾക്കൊത്തുള്ള ചുവടുകളും, തുടിച്ച് കുളിയും,  എട്ടങ്ങാടിയും, പാതിരപ്പൂവും ഒക്കെ നിറയുന്ന, 'അംഗനമാരുടെ സ്വന്തം' തിരുവാതിര ആഘോഷങ്ങൾ അവർക്ക് ഒഴിച്ചുകൂടാൻ ആവില്ലല്ലോ. 

ശ്രീ ശങ്കരനാരായണ മാതൃസമിതിയുടെയും, തിരുവാതിര കളരിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ആറ് ദിവസമായി ക്ഷേത്ര തിരുമുറ്റത്ത് നടന്ന തിരുവാതിര ആഘോഷങ്ങളിലെ സ്ത്രീകളുൾപ്പെടെയുള്ള ജനങ്ങളുടെ വലിയ പങ്കാളിത്തം അത് വ്യക്തമാക്കി തരുന്നുണ്ട്.

Advertisment