തലയോലപ്പറമ്പ്: ഫെബ്രുവരി ഒമ്പതിന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. തലയോലപ്പറമ്പ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൈക്കാരന്മാരുടെ മുറിയിലെ ലോക്കർ തകർത്ത് രണ്ട്‌ലക്ഷം രൂപയോളം അപഹരിച്ച ഇടുക്കി അടിമാലി ഇരുനൂറേക്കർ ഭാഗത്ത് ചക്കിയാങ്കൽ പത്മനാഭൻ(64) ആണ് പിടിയിലായത്.
വിവിധ ജില്ലകളിൽ 60 ഓളം പള്ളികളിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. പെരുമ്പാവൂർ പള്ളി മോഷണകേസിൽ ജയിലിലായിരുന്ന ഇയാൾ ജനുവരി 28നാണ് ജാമ്യത്തിലിറങ്ങിയത്.
തലയോലപ്പറമ്പ് പള്ളിയിലെ മോഷണത്തെ തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് മോഷ്ടാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു. എസ്എച്ച്ഒ വിപിൻ ചന്ദ്രൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ നിരീക്ഷിച്ചുവരികയായിരുന്നു.
ചൊവ്വ പുലർച്ചെ തൃശ്ശൂർ വടക്കാഞ്ചേരി ഫൊറോനാപള്ളിയിൽ മോഷണശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. പൊലീസിനെകണ്ട് സെമിത്തേരിവഴി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഇയാളുടെ തലയിലും കൈയ്ക്കും പരിക്കുണ്ട്.
തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി എസ് സുധീരൻ, സിപിഒമാരായ വി എം മനീഷ്, പി കെ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുപ്രസിദ്ധ മോഷ്‌ടാവിനെ പിടികൂടിയത്.