ആശുപത്രിയില്‍ വെളിച്ചമില്ല, തലയ്ക്കു പൊട്ടലേറ്റ പതിനൊന്നു കാരന് ഡോക്ടര്‍ തുന്നല്‍ ഇട്ടത് മൊബൈല്‍ വെളിച്ചത്തില്‍. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ ഇല്ലെന്നു ആശുപത്രി ജീവനക്കാര്‍. സംഭവം വൈക്കം താലൂക്ക് ആശുപത്രിയില്‍

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

New Update
vaikom hospital

കോട്ടയം: ആശുപത്രിയിൽ വെളിച്ചമില്ല, തലയ്ക്കു പരുക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് സർക്കാർ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയെന്ന് പരാതിയുമായി മാതാപിതാക്കൾ. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലെന്നു മാതാപിതാക്കൾക്ക് മറുപടി നൽകി ജീവനക്കാർ.

Advertisment

വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ സ്വദേശി  കെ.പി സുജിത്ത് സുരഭി ദമ്പതികളുടെ മകൻ ദേവതീർഥിന്റെ തലയിലാണു ഡോക്ടർക്ക്  മൊബൈൽ വെളിച്ചത്തിൽ തുന്നലിടേണ്ടി വന്നത്.

കുട്ടി വീടിനുളളിൽ തെന്നിവീണ് തലയുടെ വലത് വശത്ത് പരിക്കേൽക്കുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

അത്യാഹിത വിഭാഗത്തിൽ നിന്ന് കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനാണ് ഡ്രസിങ് റൂമിലേക്ക് മാറ്റിയത്. എന്നാൽ, അവിടെ ഇരുട്ടായതിനാൽ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് അറ്റൻഡർ എത്തി വൈദ്യുതി ഇല്ലെന്ന് പറയുകയായിരുന്നു.

അറ്റൻഡർ തന്നെ കുട്ടിയെ ഒ.പി കൗണ്ടറിന് മുമ്പിലിരുത്തി. രക്തം നിലയ്ക്കാതെ വന്നപ്പോൾ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റി. എന്നാൽ റൂമിൽ മൊത്തം ഇരുട്ടാണല്ലൊ എന്ന് മാതാപിതാക്കൾ ചോദിച്ചു. 

എന്നാൽ,  ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലെന്നും ചെലവ് കൂടുതലായതിനാൽ വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് ജനറേറ്റർ കൂടുതൽ സമയം പ്രവർത്തിപ്പിക്കാറില്ലെന്നും ജീവനക്കാരൻ പറഞ്ഞു. പിന്നീട് മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യഹിത വിഭാഗത്തിലേക്ക് മാറ്റി.

എന്നാൽ, അവിടേയും വെളിച്ചമില്ലായിരുന്നു. തുടർന്ന് ദേവതീർത്ഥിനെ ജനലിന്റെ അരികിലിരുത്തി മൊബൈൽ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment