/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: തലയോലപ്പറമ്പ് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ക്രിയാത്മകമായ പദ്ധതി നടപ്പിലാക്കണമെന്ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ നടന്ന വികസനസദസിലെ തുറന്ന ചര്‍ച്ചയില്‍ നിര്‍ദേശം ഉയര്‍ന്നു.
ഗ്രാമപഞ്ചായത്തിലെ വായനശാലയുടെ കെട്ടിടം പുതുക്കിപ്പണിയണമെന്നും വായനശാല കാലോചിതമായി പരിഷ്‌കരിക്കണമെന്നും ആവശ്യമുണ്ടായി.
പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. കാര്‍ഷിക മേഖലയെ കൂടുതല്‍ മെച്ചടുത്തുന്നതിനായി സംഭരണ വിപണന ശാലകള്‍ ആരംഭിക്കണം. ഗ്രാമപഞ്ചായത്തില്‍ സ്ഥിരം തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കണം, തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കണം,
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച വിദഗ്ധരെ കണ്ടെത്തി ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അവരുടെ സേവനം പ്രയോജനപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അവതരിപ്പിച്ചു.
എല്ലാ വാര്‍ഡിലും വയോജന കേന്ദ്രങ്ങള്‍ വേണമെന്നും ഗ്രാമപഞ്ചായത്തിലെ ടൂറിസം മേഖലയുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഹരിതകര്‍മ സേനയ്ക്ക് എം.എസി.എഫും സ്വന്തമായി ഒരു വാഹനവും നല്‍കണമെന്നും ഗ്രാമപഞ്ചായത്തിന് സ്വന്തം കമ്യൂണിറ്റി സെന്ററും നെല്ലുകുത്ത് ഫാക്ടറിയും പൊതുശ്മാശനവും വേണമെന്നും പൊതു ജനങ്ങള്‍ ആവശ്യപ്പെട്ടു.