/sathyam/media/media_files/2025/09/26/vikasana-2025-09-26-16-35-12.jpg)
കോട്ടയം: കഴിഞ്ഞ അഞ്ചു വർഷക്കാലം അകലക്കുന്നം പഞ്ചായത്തിൽ എത്രമാത്രം വികസനം നടന്നു? ഇനി എന്തു നടക്കണം? രണ്ടു ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. ഇതുവരെ നടന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ മനസിലാക്കിയതിനു പിന്നാലെ പഞ്ചായത്തിലെ ഓരോ മേഖലയ്ക്കും ഇനി വേണ്ടത് എന്തെന്ന് പൊതുജനങ്ങൾ വ്യക്തമാക്കി. അവരുടെ ആശയങ്ങൾ പദ്ധതികളാക്കുന്നതിന് ഇടപെടൽ നടത്താമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന വികസന സദസ്സിന്റെ ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് ഇന്നലെ അകലക്കുന്നം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം നിർവഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/26/vika-2-2025-09-26-16-38-49.jpg)
എല്ലാ മേഖലകളിലുമുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നതെന്ന് അവർ പറഞ്ഞു. കാർഷിക രംഗത്തും മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലും അകലക്കുന്നം പഞ്ചായത്ത് മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 2021-25 വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു. കാർഷിക മേഖലയ്ക്ക് അകലക്കുന്നം പഞ്ചായത്ത് നൽകുന്ന പ്രാധാന്യം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തി. ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ, 2024-25 വർഷം തൊഴിലുറപ്പിൽ 100 ദിനം പൂർത്തിയാക്കിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീലത ജയൻ, ജേക്കബ് തോമസ് താന്നിക്കൽ, ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
പൂതമന ,ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരൻ നായർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, ജോർജ് തോമസ്, കെ.കെ. രഘു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. മനോജ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
റിസോഴ്‌സ് പേഴ്‌സൺ എസ്.കെ. ശ്രീനാഥ് സംസ്ഥാന സർക്കാരിന്റെ വികസന റിപ്പോർട്ടും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധവിഷയങ്ങളിലുള്ള വികസന കാഴ്ചപ്പാടുകളും ആവശ്യങ്ങളും പൊതുജനങ്ങൾ വികസന സദസ്സിൽ ഉന്നയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പും വിവരപൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ്, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബർ 20 വരെ വിവിധ ദിവസങ്ങളിൽ നടക്കും.
വികസന സദസ്സിലെ ചർച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സർക്കാരിന് സമർപ്പിക്കും