/sathyam/media/media_files/2025/09/19/vikasana-2025-09-19-19-26-14.jpg)
കോട്ടയം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ എന്നിവർ സന്നിഹിതരായി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുന്നോട്ടുവച്ച 'വികസന സദസ്സ്’ എന്ന ആശയം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുകയാണ്. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 22ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ നിർവഹിക്കും.
കേരളം ഇന്നോളം ആർജ്ജിച്ച സർവതലസ്പർശിയായ നേട്ടങ്ങളും വികസന മുന്നേറ്റങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും നാടിന്റെ ഇനിയുള്ള വികസനഗതി തീരുമാനിക്കുന്നതിന് ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുമാണ് വികസന സദസ്സിലൂടെ ലക്ഷ്യമിടുന്നത്.