/sathyam/media/media_files/OZHT7cKLt7sD2MFVyJhL.jpg)
കോഴിക്കോട്: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെ കോഴിക്കോട്ടെ തെരുവിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ജനകീയനാണെന്നും തനിക്ക് ആരേയും ഭയമില്ലെന്നും പ്രഖ്യാപിച്ച ഗവർണർ തനിക്ക് കേരള പൊലീസിൻ്റെ സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിനുപിന്നാലെ ഗവർണർ മാനാഞ്ചിറ മെെതാനിത്തെത്തുകയും ജനങ്ങളുമായി ഇടപഴകുകയുമായിരുന്നു. മിഠായിത്തെരുവിലെത്തിയ ഗവർണർ അവിടെയുള്ള ഹൽവ കടയിൽ കയറി ഹൽവ വാങ്ങി. തന്നെ കാണാൻ എത്തിയവരുമായി ഫോട്ടോ എടുക്കുന്നതിനും ഗവർണർ സമയം കണ്ടെത്തി.
ഇതിനിടെ ഗവർണർ സ്ഥലത്ത് എത്തിയതറിഞ്ഞ് നിരവധി പേരാണ് കാണാൻ എത്തിയത്. അവരുമായി കുശലാന്വേഷണം നടത്തുകയും ഫോട്ടോ എടുക്കാനായി അദ്ദേഹം തയ്യാറാകുകയും ചെയ്തു. വാർത്തകളിലും മറ്റും കേൾക്കുകയും കാണുകയും ചെയ്തിരുന്ന ഗവർണർ തങ്ങളുടെ മുന്നിൽ എത്തിയതിൻ്റെ അമ്പരപ്പിലായിരുന്നു കോഴിക്കോട് മിട്ടായി തെരുവിലെ ജനങ്ങൾ.
പൊലീസിനെ അവരുടെ ചുമതല നിർവഹിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് നേരത്തെ ഗവർണർ ആക്ഷേപം ഉന്നയിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഗവർണർ ആക്ഷേപവുമായി രംഗത്തെത്തിയത്.
ഇനി പൊലീസിൻ്റെ സുരക്ഷ ആവശ്യമില്ല എന്ന് പറഞ്ഞ് വാഹനത്തിൽ കയറി അദ്ദേഹം പുറപ്പെടുകയായിരുന്നു. അദ്ദേഹം എങ്ങോട്ടേയ്‌ക്കാണ് പോകുന്നത് എന്ന് അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോഴിക്കോട് നഗരം മുഴുവൻ പൊലീസ് വളയുകയായിരുന്നു. അതിനിടയിലാണ് ഗവർണർ മാനാഞ്ചിറ മെെതാനത്ത് എത്തിയതും ജനങ്ങളുമായി ഇടപഴകിയതും.
ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരളത്തിലേത്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണ്.
ഒരു കാരണവശാലും ഞാൻ അവരെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിർവഹിക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളിൽ ഞാൻ ആക്രമിക്കപ്പെട്ടു. ഇതിൽ മൂന്നാമത്തെ സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും ഞാൻ പുറത്തിറങ്ങിയതുകൊണ്ട് മാത്രം. ഇനി ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us