കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തത് ദന്ത ഡോക്ടറെയെന്ന് വിവരം. കോട്ടയം പൂഞ്ഞാര്‍ സ്വദേശിനിയായ ഡോക്ടർക്കൊപ്പം വിവാഹം കഴിഞ്ഞാലുടൻ ജര്‍മനിയിലേക്ക് പോകാനായിരുന്നു പദ്ധതി.
എന്നാല്‍ മതപരമായ വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചതിന് ഒരുമാസം മുമ്പ് ഈ യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നും രാഹുലിന്റെ സഹോദരി പറയുന്നു.
രാഹുലും യുവതിയും ചേർന്നാണ് ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതേയുള്ളു. മാട്രിമോണി സൈറ്റ് വഴിയാണ് പൂഞ്ഞാർ സ്വദേശിയുടെയും പറവൂർ സ്വദേശിയുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ടത്. ഒരേ ദിവസമാണ് രണ്ടിടത്തും പെണ്ണ് കാണാന്‍ പോയത്. പിന്നാലെ പൂഞ്ഞാര്‍ സ്വദേശിയുമായി വിവാഹം തീരുമാനിക്കുകയായിരുന്നു.
പെണ്ണുകാണല്‍ ചടങ്ങിന്റെ അന്ന് പറവൂർ സ്വദേശിയായ യുവതി രാഹുലിന്റെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പര്‍ വാങ്ങിയിരുന്നു. പൂഞ്ഞാറിലെ ഡോക്ടറുമായുള്ള വിവാഹം മുടങ്ങിയതറിഞ്ഞ് തനിക്ക് വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന കാര്യം യുവതി സുഹൃത്തുക്കള്‍ വഴി രാഹുലിനെ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി തന്നെ മുന്‍കയ്യെടുത്താണ് വിവാഹം നടത്തിയത്. പൂഞ്ഞാർ സ്വദേശിയുമായി വിവാഹം നടത്താൻ തീരുമാനിച്ച ദിവസം തന്നെയായിരുന്നു ഈ വിവാഹം. ഒരു ദിവസം മാത്രമാണ് രാഹുൽ ഭാര്യയുമായി വഴക്കിട്ടത്. അന്ന് ഇരുവരും മദ്യപിച്ചിരുന്നെന്നും സഹോദരി പറഞ്ഞു.