കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ എസ്.ഐക്ക് തടവും പിഴയും.
കാസർകോട് സ്വദേശി ഡോ. പത്മനാഭനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ വടകര എസ്.ഐയായിരുന്ന ടി. രാമകൃഷ്ണനെയാണ് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് ശിക്ഷിച്ചത്. കോടതി കഴിയുംവരെ തടവിനും 5000 രൂപ ഡോക്ടർക്ക് നഷ്ടപരിഹാരമായി നൽകാനുമാണ് വിധി.
2018ൽ തിരുവനന്തപുരത്തു നിന്ന് മലബാർ എക്സ്പ്രസ് ട്രെയിൻ വടകരയിലെത്തിയപ്പോൾ പുലർച്ച നാലോടെ എസ്.ഐ ഡോക്ടറെ മർദിച്ചെന്നാണ് കേസ്. പുലർച്ചെ ട്രെയിനിൽ എസ്.ഐയും സുഹൃത്തുക്കളും ഉറക്കെ സംസാരിച്ച് ശല്യമുണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്ത ഡോക്ടറെ മർദിച്ചെന്നുമായിരുന്നു പരാതി.
എന്നാൽ വടകരയിൽ ഇറങ്ങാൻ ലൈറ്റിട്ടപ്പോൾ ഡോക്ടർ ആക്രമിച്ചതായി എസ്.ഐയും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡോക്ടറെ കോടതി വെറുതെ വിട്ടു.