/sathyam/media/media_files/F04RVM60fqLInyE5naqk.jpg)
കോഴിക്കോട്: ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമര് തുരന്ന് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ ചാരിറ്റി പ്രവർത്തകനായ നിധിൻ നിലമ്പൂർ ഉൾപ്പെടെ നാല് പേർ പിടിയിൽ. നരിക്കുനി എംസി ജ്വല്ലറിയിലാണ് കവർച്ചാശ്രമുണ്ടായത്. നിലമ്പൂർ സ്വദേശികളായ നിധിൻ കൃഷ്ണൻ(26) അമീർ (34), നൗഷാദ് (29), ബിബിൻ (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ട് മണിയ്‌ക്കാണ് സംഭവം.
ജ്വല്ലറിയുടെ പുറകുവശത്ത് ശബ്ദം കേട്ടതിനെ തുടർന്ന് നരിക്കുനി ഭാഗത്തെ ഗൂർഖയും രാത്രി പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊടുവള്ളി പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പ്രതികളിൽ ഒരാളെ ഇവർ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നാലംഗ സംഘത്തിന്റെ ജ്വല്ലറി കവർച്ചയുടെ ചുരുളഴിഞ്ഞത്. തുടർന്ന് താമരശ്ശേരി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളും പിടിയിലായത്.
പിടിയിലായ നിധിൻ ചാരിറ്റി പ്രവർത്തകനാണ്. ചാരിറ്റിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലൂടെയാണ് പ്രതികൾ നാല് പേരും പരിചയപ്പെട്ടത്. തുടർന്ന് ഇവർ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. പ്ലാസ്റ്റിക് പിസ്റ്റൾ, കമ്പിപ്പാര, ഉളി, ചുറ്റിക, സ്‌ക്രൂഡ്രൈവർ, ഗ്ലൗവ്‌സ് എന്നിവ പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us