കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരത്തു നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്കും ഇവിടെ നിന്ന് പുറത്തേക്കുമെത്തിക്കുന്ന കാരിയറാണ് സെയ്ദ് ഹുസൈൻ കോയ തങ്ങൾ എന്നാണ് റിപ്പോർട്ട്.
ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്കും ഇവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്കും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയതിന് തെളിവുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു.
ഈ വർഷം പത്തിലധികം തവണ ഇയാൾ ബാങ്കോക്കിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്. ഇവർ കള്ളക്കടത്ത് നടത്തുന്നത് മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ്.
ഇവിടെ നിന്ന് ഖത്തർ, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത് എത്തിച്ചു നൽകുകയാണ് പതിവ്. ഇതിന് മറ്റു കാരിയർമാരെയും ഉപയോഗിക്കുന്നുണ്ട്.