Advertisment

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; വിചാരണ കോടതി നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ നടപടിയെന്ന് സംശയിക്കുന്നതായി ഹർഷിന പറഞ്ഞു. ബുധനാഴ്‌ച തനിക്ക് വേണ്ടി ഹൈക്കോടതിയിൽ അഭിഭാഷകൻ ഹാജരാവും. നീതി കിട്ടുന്നതുവരെ പൊരുതുമെന്നും ഹർഷിന അറിയിച്ചു.

New Update
HARSHINA

കോഴിക്കോട് : ശസ്‌ത്രക്രിയക്കിടെ പന്തിരാങ്കാവ് സ്വദേശി കെ കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ കുന്ദമംഗലം കോടതിയിൽ നടന്നുവരുന്ന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു.

Advertisment

കേസുമായി ബന്ധപ്പെട്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നടപടികൾ സ്‌റ്റേ ചെയ്‌തത്. കേസിൽ ബുധനാഴ്‌ച ഹാജരാവാൻ ഹൈക്കോടതി ഹർഷിനക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.

കേസിൽ ഒന്നും രണ്ടും പ്രതികളായ ഡോക്‌ടർമാർ ഫയൽ ചെയ്‌ത സ്വകാര്യ ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മഞ്ചേരി ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം അസിസ്‌റ്റന്‍റ് പ്രൊഫസർ കണ്ണൂർ തളിപ്പറമ്പ് സൗപർണികയിൽ ഡോക്‌ടർ സി കെ രമേശൻ (42) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്‍റ് മലപ്പുറം ചങ്കുവെട്ടി മംഗലത്ത് വീട്ടിൽ ഡോക്‌ടർ എം ഷാഹന (32) എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ.

ഹർഷിന കേസ് കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്തദിവസം പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ നടപടിയെന്ന് സംശയിക്കുന്നതായി ഹർഷിന പറഞ്ഞു. ബുധനാഴ്‌ച തനിക്ക് വേണ്ടി ഹൈക്കോടതിയിൽ അഭിഭാഷകൻ ഹാജരാവും. നീതി കിട്ടുന്നതുവരെ പൊരുതുമെന്നും ഹർഷിന അറിയിച്ചു.

Advertisment