ജർമനിയിലേക്കു കടന്ന രാഹുലിനെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടിസിറക്കും

രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കൂ.

New Update
rahul panthee.jpg

കോഴിക്കോട്; ജർമനിയിലേക്ക് കടന്ന പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടിസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എ‍ഡിജിപി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകി. അപേക്ഷ സിബിഐ ഡയറക്ടർ വ്യാഴാഴ്ച ഇന്റർപോളിന് കൈമാറും. 

Advertisment

രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചതിൽ ഫലമില്ലാതായതോടെയാണ് പുതിയ നീക്കം.

രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കൂ.

പ്രതി ഉപയോഗിച്ചിരുന്ന കാറിൽ കണ്ടെത്തിയ രക്തക്കറ പെൺകുട്ടിയുടേതാണോ എന്നറിയാൻ രക്തസാംപിൾ ശേഖരിക്കും. രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിനു സസ്പെൻഷനിലായ പന്തീരാങ്കാവ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശരത്‌ലാലിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി.

പരാതിയുമായി യുവതിയും ബന്ധുക്കളും എത്തിയ സമയത്ത് ശരത്‌ലാൽ ഉൾപ്പെടെ 11 പൊലീസുകാർ പന്തീരാങ്കാവ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടത് ശരത്‌ലാൽ മാത്രമാണെന്നാണു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

രാഹുലിന്റെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ ഉഷാകുമാരി, രാഹുലിന്റെ സഹോദരിയും മൂന്നാം പ്രതിയുമായ കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.മുരളീകൃഷ്ണ 27 ലേക്കു മാറ്റി. പൊലീസ് റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണു ഹർജി മാറ്റിയത്.

Advertisment