ജപ്പാന്‍ മസ്തിഷകജ്വരം: കോഴിക്കോട് ജില്ലയില്‍ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ജനുവരി മുതല്‍

New Update
Japanese encephalitis

കോഴിക്കോട്: ജപ്പാന്‍ മസ്തിഷകജ്വരത്തിനെതിരെ ജനുവരി മുതല്‍ ജില്ലയിലെ ഒരു വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് ഡി.എം.ഒ ഡോ. കെ കെ രാജാറാം അറിയിച്ചു. 

Advertisment

ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് കുത്തിവെപ്പ് നല്‍കുക. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡി.എം.ഒ അറിയിച്ചു. 

എന്താണ് ജപ്പാന്‍ മസ്തിഷ്‌ക ജ്വരം? 

കൊതുകുകള്‍ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ ഗുരുതര വൈറസ് രോഗമാണ് ജപ്പാന്‍ മസ്തിഷ്‌ക ജ്വരം. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. 

രോഗം പിടിപെട്ടാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്. കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ തുടങ്ങിയവായാണ് ലക്ഷണങ്ങള്‍.

മലിനജലത്തില്‍ മുട്ടയിട്ട് വളരുന്ന ക്യുലക്‌സ് കൊതുകുകള്‍ വഴിയാണ് രോഗം മനുഷ്യരില്‍ എത്തുന്നത്. പന്നി, കന്നുകാലികള്‍, ചിലയിനം ദേശാടന പക്ഷികള്‍ എന്നിവയില്‍നിന്ന് രോഗാണു കൊതുകുകളില്‍ എത്തിയാണ് രോഗമുണ്ടാക്കുന്നത്. 

രോഗം ബാധിച്ച 100 പേരില്‍ 30 പേരെങ്കിലും മരിക്കുന്നു. 30 ശതമാനം പേര്‍ക്ക് ജീവിതകാലം മുഴുവന്‍ വൈകല്യങ്ങളുമായി ജീവിക്കേണ്ടിയും വരുന്നുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവലകളും ലേപനങ്ങളും ഉപയോഗിക്കുക, വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. 

പരിസര ശുചിത്വം പാലിക്കുകയും കുട്ടികള്‍ക്ക് കൃത്യസമയത്ത് വാക്‌സിനുകള്‍ നല്‍കുകയും വേണം

Advertisment