കോഴിക്കോട്: മുക്കത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ച നടത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ്. ഇത്തരത്തിൽ സമാനമായ രീതിയിൽ തമിഴ്നാട്ടിലും മേട്ടുപ്പാളയത്തും കവർച്ച നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ സംഭവങ്ങൾ കൂടി പരിശോധിച്ചാണ് മുക്കം പോലീസ് കേസ് അന്വേഷിക്കുന്നത്.
മാങ്ങാപ്പൊയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. പെട്രോളടിക്കാനെന്ന വ്യാജേന കാറിൽ എത്തിയ മൂന്ന് പേരാണ് കവർച്ച നടത്തിയത്. തുടർന്ന് പെട്രോളടിച്ച് പണം വാങ്ങാനുളള ശ്രമത്തിനിടെ പ്രതികളിലൊരാള്‍ ജീവനക്കാരൻ സുരേഷ് ബാബുവിന്‍റെ കണ്ണില്‍ മുളകുപൊടി വിതറി. പിന്നാലെ മറ്റ് രണ്ട് പേരും ഉടുമുണ്ട് പറിച്ചെടുത്ത് ജീവനക്കാരന്റെ തലയില്‍ മുണ്ടിട്ട് മൂടി പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കത്തിലായിരുന്ന മറ്റൊരു ജീവനക്കാരനെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു.
കവര്‍ച്ച നടത്തുന്നതിന്റെയും തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രതികള്‍ കവര്‍ച്ചക്കായി ഉപയോഗിച്ചത് തമിഴ്നാട് രജിസ്ട്രേഷന്‍ ഓൾട്ടോ കാറാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ മേട്ടുപാളയത്ത് അടുത്തിടെ പെട്രോള്‍ പമ്പില്‍ സമാന രീതിയില്‍ മോഷണവും നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇത് രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. നിലവിൽ രണ്ടിടത്തും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് മുക്കം പോലീസ്.