/sathyam/media/media_files/2025/09/06/gurudeva-jayanthi-2025-09-06-20-22-40.jpg)
കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 171 -ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും പ്രസിഡൻ്റ് ഷനൂപ് താമരക്കുളവും അറിയിച്ചു.
ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 7 മണിക്ക് എല്ലാ ശാഖകളിലും ഗുരുമന്ദിരങ്ങളിലും വിശേഷാൽ ഗുരുപൂജയും പായസ വിതരണവും നടക്കും.
ഇത്തവണത്തെ ആഘോഷ പരിപാടികൾ രണ്ട് മേഖലകളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചേളന്നൂർ മേഖലയിലെ ശാഖകൾ ചേളന്നൂർ ശ്രീനാരായണ മന്ദിരത്തിലും കോഴിക്കോട് നഗരത്തിലെ ശാഖകൾ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലും ഗുരു ജയന്തി ആഘോഷ പരിപാടികളിൽ പങ്കെടുക്കും.
ചേളന്നൂർ മേഖലയിലെ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ചേളന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി നൗഷീർ നിർവ്വഹിക്കും. കോഴിക്കോട് നഗരം കേന്ദ്രീകരിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ നിർവ്വഹിക്കും.
സമ്മേളനത്തിന് മുന്നോടിയായുള്ള ജയന്തി ഘോഷയാത്ര വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ സമാപിക്കും. തുടർന്ന് പ്രസാദ ഊട്ട് നടക്കും.