/sathyam/media/media_files/2025/09/17/ce-chakkunni-mdc-2025-09-17-12-53-36.jpg)
വയനാട്ടിലേക്കുള്ള യാത്ര ദുരിതം പരിഹരിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ ചർച്ച ചെയ്യാൻ മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ യോഗത്തിൽ സീനിയർ വൈസ് പ്രസിഡണ്ട് എ. ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തുന്നു. ടി. പി. വാസു, ഷെവ. സി. ഇ. ചാക്കുണ്ണി, പി. ഐ. അജയൻ എന്നിവർ.
കോഴിക്കോട്: വയനാട് യാത്രാദുരിതം പരിഹരിക്കാൻ സർവ്വേ നടപടികൾ പുരോഗമിക്കുന്ന നിലമ്പൂർ - നഞ്ചൻഗോട് റെയിൽപാത യുദ്ധകാല അടിസ്ഥാനത്തിൽ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു മലബാർ ഡെവലപ്മെന്റ് കൗൺസിൽ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി പ്രധാനമന്ത്രി, റയിൽവേ മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് പുറമേ മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം നൽകി.
കേന്ദ്രസർക്കാർ, കേരള - കർണാടക സർക്കാറുകൾ എന്നിവ യോജിച്ച് ബെയ്റാബി - സൈറാങ് മാതൃകയിൽ വയനാടിനെ ബന്ധിപ്പിച്ച് റെയിൽപാത നിർമിച്ചാൽ വയനാടിന് മാത്രമല്ല, കേരളത്തിൽ നിന്നും ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഉള്ള യാത്രക്കാർക്കും ചുരുങ്ങിയ സമയത്തിലും ചിലവിലും എത്തിച്ചേരാൻ ഏറ്റവും എളുപ്പമേറിയ വഴിയായി മാറും.
അതോടൊപ്പം ഷോർണൂർ- കൊങ്കൺ റെയിൽ പാത അടക്കം മറ്റു പാതകളിലെ തിരക്കും കുറയ്ക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി.
വലിയ മലകളും ആഴമുള്ള താഴ് വരകളും കടന്ന്, 51 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ നീണ്ട ടണലുകളും ഉയർന്ന പാലങ്ങളും നിർമ്മിച്ച് വനങ്ങളെ കുറഞ്ഞ തോതിൽ ബാധിച്ചുകൊണ്ടാണ് മിസോറാമിൽ ഈ പദ്ധതി പൂർത്തിയാക്കിയത്.
എന്നാൽ വയനാടിലൂടെ കേരളത്തെയും ബന്ധിപ്പിക്കുന്ന നിലമ്പൂർ - നഞ്ചൻഗോഡ് റെയിൽ പദ്ധതി പതിറ്റാണ്ടുകളായി വാഗ്ദാനങ്ങളിൽ മാത്രം കുടുങ്ങിക്കിടക്കുകയാണ്.
കർണാടക സർക്കാരും വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ വളരെയധികം പുരോഗതി കൈവരിച്ച കേരള സർക്കാരും ബന്ധപ്പെട്ട ജനപ്രതിനിധികളും യോജിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയാൽ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയും.
ഈ ആവശ്യം നേടിയെടുക്കാൻ ഭാവി പ്രവർത്തനങ്ങൾക്ക് നിലമ്പൂർ നെഞ്ചങ്കോട് റെയിൽവേ ആക്ഷൻ കമ്മിറ്റി, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വയനാട് ടൂറിസം അസോസിയേഷൻ ബന്ധപ്പെട്ടവരുടെ വിപുലമായ യോഗം വിളിച്ചുചേർത്ത് ഭാവി പരിപാടികൾക്ക് രൂപം നൽകുവാൻ യോഗം തീരുമാനിച്ചു.
കൗൺസിൽ പ്രസിഡണ്ടും, സിഐആർയുഎ ദേശീയ വർക്കിംഗ് ചെയർമാനുമായ ഷെവലിയാർ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
എംഡിസി സീനിയർ വൈസ് പ്രസിഡന്റ് എ. ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സിഐആർയുഎ കൺവീനർമാരായ ടി.പി വാസു, പി.ഐ അജയൻ, സൺഷൈൻ ഷൊർണൂർ, റൊണാൾഡ് ജെ ജി, ശ്രീരസ് പി പി, റിയാസ് നരോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.