/sathyam/media/media_files/2025/10/22/shipping-service-2025-10-22-20-23-18.jpg)
കോഴിക്കോട്: കേരള-ഗൾഫ് സെക്ടറിൽ യാത്ര-ചരക്ക് കപ്പൽ സർവീസ് ടെൻഡർ നൽകിയ കമ്പനി കണ്ടെത്തിയ കപ്പലിന്റെ കാലപ്പഴക്കം മൂലമാണ് സർവീസ് ആരംഭിക്കാൻ കഴിയാത്തത്.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശന വേളയിൽ മുമ്പ് 2 തവണ കപ്പൽ സർവീസ് നടത്തി പരിചയമുള്ളവരുടെ ടെൻഡർ ഉൾപ്പെടെ പരിഗണിച്ച് സർവീസ് ആരംഭിക്കാൻ ഫലപ്രദമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ആഘോഷ അവധി വേളകളിലെ ന്യായീകരണമില്ലാത്ത അമിത വിമാന നിരക്കിന് തടയിടാൻ ബദൽ സംവിധാനം എന്ന നിലയ്ക്ക് മുഖ്യമന്ത്രി, തുറമുഖം, ടൂറിസം, ഗതാഗത മന്ത്രിമാർ, നോർക്ക, കേരള മാരിടൈം ബോർഡ് എന്നിവരുടെ അറിവോടും അനുമതിയോടും കൂടി മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘം ഗൾഫ് രാജ്യങ്ങൾ പലതവണ സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കപ്പൽ സർവീസ് ആരംഭിക്കുമെന്നു മുഖ്യമന്ത്രി ലോക കേരള സഭയിൽ അറിയിച്ചതും കഴിഞ്ഞ ബഡ്ജറ്റിൽ 15കോടി വകയിരുത്തിയതുമായ കപ്പൽ സർവീസ് താല്പര്യപത്രം ക്ഷണിച്ചു മുന്നോട്ടു പോയതായിരുന്നു.
കേന്ദ്ര ഷിപ്പിംഗ് കോർപ്പറേഷനും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും നിവേദനത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
അനിശ്ചിതമായി നീണ്ടുപോകുന്ന ഈ പദ്ധതി യാഥാർത്ഥ്യവൽക്കരിക്കാൻ മുഖ്യമന്ത്രിയുടെ അടുത്ത ഗൾഫ് സന്ദർശന വേളയിൽ പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കപ്പൽ സർവീസ് ആരംഭിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ നേർ പകർപ്പ് ഗതാഗതം, ടൂറിസം, തുറമുഖം വകുപ്പ് മന്ത്രിമാർ, നോർക്ക വൈസ് ചെയർമാൻമാർ, കേരള മാരി ടൈം ബോർഡ് ചെയർമാൻ മറ്റു ബന്ധപ്പെട്ടവർക്കും അയച്ചുകൊടുത്തു. എംഡിസി പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി, ഖജാൻജി എം വി കുഞ്ഞാമു എന്നിവരാണ് ശ്രീനാരായണ സെന്റിനറി ഹാളിൽ വച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.