/sathyam/media/media_files/2026/02/07/mdc-2-2026-02-07-15-11-26.jpg)
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ RESA (Runway End Safety Area) നവീകരണം ജൂണിൽ പൂർത്തീകരിക്കുമെന്ന കേരള മുഖ്യമന്ത്രിയുടെ നിയമസഭയിലെ രേഖാമൂലം ഉള്ള മറുപടിയും, നിർത്തലാക്കിയ അഞ്ചു സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നതും (കുവൈറ്റ്, മസ്കറ്റ് റാസൽഖൈമ, റിയാദ്, സലാല) ജിദ്ദ സർവീസ് ആകാശ് എയർ ആരംഭിക്കുന്നതും വിമാനയാത്രക്കാർക്ക് പൊതുവേയും പ്രവാസികൾക്കും ഏറെ ഗുണകരമായിരിക്കും എന്ന് മലബാർ ഡെവലപ്മെൻറ് കൗൺസിൽ ഭാരവാഹികൾ പ്രസ്താവിച്ചു.
ഇതുവഴി ഉംറ ഹജ്ജ് തീർത്ഥാടകർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാനാവും എന്നതും ആശ്വാസകരമാണ്.
അതോടൊപ്പം വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതോടുകൂടി അമിത വിമാന നിരക്കിൽ നിന്ന് ആശ്വാസവും, കാർഗോ കയറ്റു- ഇറക്കമതി ഉൾപ്പെടെ സമസ്ത മേഖലകൾക്കും ഏറെ ഗുണകരമായിരിക്കുമന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റും, കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയാർ സി ഇ ചാക്കുണ്ണി, സീനിയർ വൈസ് പ്രസിഡന്റ് എ ശിവശങ്കരൻ, യുഎഇ കൺവീനർ സി എ ബ്യൂട്ടി പ്രസാദ് എന്നിവർ അറിയിച്ചു.
വലിയ വിമാനങ്ങൾ (കോഡ്. ഇ.) സർവീസ് പുനരാരംഭിക്കുന്നതിനും വിമാനത്താവളത്തിന്റെ ഭാവി വികസനത്തിനും റിസ നവീകരണം നിർണായക വഴിത്തിരിവായിരിക്കും.
കോഴിക്കോട് വിമാനത്താവളത്തിൽ ഡിസംബർ 2025 ന് എത്തിച്ചേർന്ന മൂന്നു കോടിയിലധികം വിലവരുന്ന വിദേശ നിർമ്മിത ഐഎല്‍എസ് (Instrument Landing System) കോഴിക്കോട് വിമാനത്താവളത്തിന് നഷ്ടപ്പെടാതെ ഉടൻ സ്ഥാപിച്ചാൽ വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമതയും സുരക്ഷയും വർദ്ധിക്കും എന്നതിനാൽ ഐഎല്‍എസ്, ആര്‍ഇഎസ്എ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് ഇവിടെ സ്ഥാപിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
നിർത്തലാക്കിയ വലിയ വിമാന സർവീസുകളോടൊപ്പം ശ്രീലങ്കൻ എയർലൈൻസ് ഉൾപ്പെടെയുള്ള വിമാന സർവീസും തിരിച്ചുകൊണ്ടുവരുവാൻ അടിയന്തരമായി ഉപദേശക സമിതി യോഗം വിളിക്കണമെന്നും ചെയർമാൻ സ്ഥലം എംപി, ജനറൽ കൺവീനർ, എയർപോർട്ട് ഡയറക്ടർ എന്നിവരോട് അവർ അഭ്യർത്ഥിച്ചു.
ഇതിനോടനുബന്ധിച്ച തുടർ പ്രവർത്തനങ്ങൾ നടത്താൻ ദില്ലിയിലെ എം ഡി സി ലെയ്സൺ ഓഫീസറെ അവർ ചുമതലപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us