കോഴിക്കോട്: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മുന്നണി ബന്ധങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിലപാടുകള്‍ ആവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് നടപടിയില്‍ കോണ്‍ഗ്രസില്‍ ആശങ്ക. ലീഗ് ഉടന്‍ മുന്നണി വിടുമെന്ന ഭയം ആര്‍ക്കുമില്ലെങ്കിലും 'അപ്പുറത്തേയ്ക്ക് ഒരു പാലം' എന്ന നിലയില്‍ കേരള ബാങ്ക് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ സ്വീകരിച്ച ലീഗ് നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്.
കേരള ബാങ്ക് ഡയറക്ടര്‍ പദവി യുഡിഎഫ് അനകൂല സഹകരണ സംഘങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉപകരിക്കുമെന്നാണ് ലീഗ് നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസ് മലപ്പുറത്തെത്തുമ്പോള്‍ ഇതേ നിലപാടുമായി ലീഗ് ജനപ്രതിനിധികളിലാരെങ്കിലും അതില്‍ പങ്കെടുക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. കാസര്‍കോഡ് ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തത് ഉദാഹരണം.
ലീഗില്‍ ഭിന്നത, അതിരുവിട്ടാല്‍ പിളര്‍പ്പ് !
ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിലെ ഇടത് അനുകൂലി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. അതിനാല്‍ തന്നെ ഇടതുപക്ഷത്തോട് അദ്ദേഹത്തിന് മൃദു സമീപനവുമാണ്. ഡോ. എംകെ മുനീറും കെഎം ഷാജിയും അടക്കമുള്ള നേതാക്കള്‍ ഇടതുനീക്കങ്ങളില്‍ കടുത്ത അതൃപ്തിയുള്ളവരാണ്.
ലീഗ് നേതൃനിരയിലും പാണക്കാട് കുടുംബത്തില്‍ പോലും ഇടതു ബന്ധത്തിന്‍റെ പേരില്‍ ശക്തമായ ഭിന്ന നിലപാടുകളുണ്ട്. അതേ അവസ്ഥ തന്നെയാണ് ലീഗിന്‍റെ അണികളിലുമുള്ളത്.
കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം സ്വീകരിച്ച ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദ് കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ ഷാജിയേയും മുനീറിനേയും അനുകൂലിക്കുന്ന വിഭാഗത്തില്‍പെട്ട ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ലീഗ് അണികള്‍ക്കിടയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ശക്തമായ വികാരമുണ്ട്.
പക്ഷേ കച്ചവടക്കാരും വന്‍കിട ബിസിനസുകാരും ഉള്‍പ്പെടുന്ന ലീഗ് അണികളുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ ഭരണനേതൃത്വവുമായി ചേര്‍ന്ന് പോകണമെന്ന ന്യായീകരണമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.
ലീഗ് അനുകൂല സ്ഥാപനങ്ങളുടെയും സംഘടനകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭരണ സ്വാധീനം വേണം. തുടര്‍ച്ചയായി 7 വര്‍ഷം ഭരണത്തിനു പുറത്തു നില്‍ക്കുമ്പോള്‍ അണികള്‍ക്കിടയിലുണ്ടാകുന്ന വിമ്മിഷ്ടം പരിഹരിക്കാന്‍ ഇത് ആവശ്യമാണെന്ന് കുഞ്ഞാലിക്കുട്ടി വാദിയ്ക്കുന്നു.
മറുവിഭാഗം ഈ നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നവരാണ്. അവരില്‍ കെഎം ഷാജിക്ക് ഇപ്പോള്‍ ലീഗ് അണികള്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെ സ്വാധീനമുണ്ട്.
ലീഗ് മനം (മുന്നണി) മാറ്റം - കേരളാ കോണ്‍ഗ്രസ് എം നിലപാട് നിര്‍ണായകം
അടുത്ത തവണയെങ്കിലും യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതമാണ് ലീഗിന്‍റെ ആശങ്ക. മധ്യകേരളത്തില്‍ ശക്തമായ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് - എം യുഡിഎഫിലേയ്ക്ക് തിരികെയെത്തിയില്ലെങ്കില്‍ മുന്നണിയുടെ മടങ്ങിവരവ് അസാധ്യമായിരിക്കും എന്നാണ് ലീഗിന്‍റെ വിലയിരുത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത ലീഗ് കാണുന്നില്ല.
അതോടെയാണ് എല്‍ഡിഎഫുമായി ഒരു പാലമിട്ട് മുന്നോട്ടുപോകാനുള്ള ലീഗിന്‍റെ നീക്കം. ഫലത്തില്‍ കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ രാഷ്ട്രീയ നിലപാടുമായി കൂട്ടി വായിക്കേണ്ട സ്ഥിതിയിലാണ് ലീഗിന്‍റെ ഭാവി നിലപാടും.
ഒന്നുകില്‍ ജോസ് കെ മാണിയെ തിരികെ മുന്നണിയിലെത്തിക്കുക, അല്ലെങ്കില്‍ അധികാരത്തിലെത്താനുള്ള മറ്റു സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് ലീഗ് പ്രതീക്ഷിക്കുന്നത്.