/sathyam/media/post_attachments/29141bMpGiIMeTX7LJfs.jpg)
കോഴിക്കോട്: ക്രിസ്തുമസ്-നവവത്സര-ശബരിമല തീർത്ഥാടക സീസൺ മുതലെടുത്ത് ദേശീയ-അന്തർദേശീയ വിമാന, തീവണ്ടി, അന്തർ സംസ്ഥാന ബസ് നിരക്കുകൾ 8 ഇരട്ടിയിലധികം വർദ്ധിപ്പിച്ചതിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ അടിയന്തിരയോഗം പ്രതിഷേധിച്ചു.
അമിത നിരക്ക് നിയന്ത്രിക്കാൻ യഥാസമയം ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസംഗത യാത്രക്കാരെ ദുരിതത്തിലാക്കി. തിരക്ക് പരിഗണിച്ച് കേരളത്തിലെ ജനശതാബ്ദികളിൽ അധിക കോച്ച് അനുവദിച്ച മാതൃകയിൽ തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ വിമാന സർവീസുകൾ, പ്രത്യേക തീവണ്ടികൾ, തിരക്കുള്ള വണ്ടികളിൽ കൂടുതൽ കോച്ചുകൾ, അന്തർ സംസ്ഥാന സർക്കാർ (ആർടിസി), ടൂറിസ്റ്റ് ബസ് സർവീസ് വർധിപ്പിച്ച് മിതമായ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തണമെന്നും യോഗം അഭ്യർത്ഥിച്ചു.
2024 ജൂലൈ 1 മുതൽ റെയിൽവേയുടെ ഭേദഗതി ചെയ്ത 10 നിയമങ്ങൾ യാത്രക്കാർക്ക് പ്രയോജനകരമാണെന്ന് യോഗം വിലയിരുത്തി.
എല്ലാ അനുമതിയും ലഭിച്ച യുഎഇ - കേരള സെക്ടർ യാത്രകപ്പൽ സർവീസ് ബുക്കിംഗ് ആരംഭിക്കണം. വിഴിഞ്ഞം, ആലപ്പുഴ, കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പൽ സർവീസ് ആരംഭിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
അമിത യാത്ര നിരക്കുകൾ നിയന്ത്രിക്കാൻ അടിയന്തര ഇടപെടലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, എന്നിവർക്ക് ലെയ്സൺ ഓഫീസർ മുഖാന്തിരം ഡൽഹിയിലും, കേരള മുഖ്യമന്ത്രി, തുറമുഖ, ഗതാഗത, ടൂറിസം മന്ത്രിമാർ, ചീഫ് സെക്രട്ടറി, മാരിടൈം ബോഡ് ചെയർമാൻ, നോർക്ക എന്നിവർക്ക് തിരുവനന്തപുരത്ത് സംഘടന പ്രതിനിധികൾ നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
എംഡിസി ഓഫീസിൽ ചേർന്ന യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാനുമായ ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് പ്രൊഫസർ ഫിലിപ് കെ ആന്റണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ഖജാൻജി എം വി കുഞ്ഞാമു, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജോയ് ജോസഫ് കെ, കൺവീനർമാരായ സൺഷൈൻ ഷോർണൂർ, ടി പി വാസു, പി ഐ അജയൻ എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ സ്വാഗതവും പി ഐ അജയൻ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us