തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു - ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി യോഗം

author-image
ഇ.എം റഷീദ്
New Update
press meet muslim league

കോഴിക്കോട്:തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി യോഗം വിലയിരുത്തി. ബിജെപിയുടെ മുതലെടുപ്പ് തന്ത്രം ജനം തിരിച്ചറിയണമെന്നും യോഗത്തിന് ശേഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Advertisment

ബിജെപി രാഷ്ട്രീയ നേട്ടത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ ആരാധനാലയങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ആ നിലയിൽ മുസ്ലിംലീഗ് വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ ബി.ജെ.പി ഇതിനെ രാഷ്ട്രീയ അജണ്ടയാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. 

വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനമായി ബി.ജെ.പി ക്ഷേത്ര ഉദ്ഘാടനം മാറ്റുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും മുസ്ലിംലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങ് ബി.ജെ.പി കേവലം രാഷ്ട്രീയമാക്കി മാറ്റുകയാണ്. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിവേകത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. ഭരണഘടനാ ധാർമ്മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതിൽ ഒറ്റക്കെട്ടായി മതേതര ശക്തികൾക്ക് നിലയുറപ്പിക്കാനാകണം. മത വിശ്വാസത്തെ അധികാരത്തിനുള്ള മറയാക്കുന്ന ബിജെപിയെ വിശ്വാസി സമൂഹം തിരിച്ചറയിണം. 

ഇന്ത്യക്കാരുടെ വിശപ്പും, തൊഴിലില്ലായ്മയും മറ്റ് ജനകീയ പ്രശ്‌നങ്ങളുമാണ് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്ര ബിന്ദുവാകേണ്ടത്. അതാണ് ശരിയായ ജനാധിപത്യം. രാമക്ഷേത്രത്തെ മറയാക്കി യഥാർത്ഥ പ്രശ്‌നങ്ങളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഇന്ത്യൻ ജനത ജാതി മത വിത്യാസമില്ലാതെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന പ്രത്യാശയും മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി യോഗം പങ്കുവെച്ചു. 

ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Advertisment