/sathyam/media/media_files/LENKNLZNdAnkVcwrFSKA.jpg)
കോഴിക്കോട്:സംസ്ഥാന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പൊതുവേ സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത അവലോകനയോഗം വിലയിരുത്തി. കൊച്ചിക്കും തിരുവനന്തപുരത്തിനും ബഡ്ജറ്റിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ മലബാറിന് അർഹിക്കുന്ന പരിഗണന നൽകിയതായി അറിയുന്നില്ല എന്ന് പ്രസംഗത്തിൽ ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
വരുമാനം വർദ്ധിപ്പിക്കുന്നതിന് പ്രീ ബഡ്ജറ്റ് ചർച്ചയിൽ കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സമർപ്പിച്ച 20 ഇന നിർദ്ദേശങ്ങളിൽ ചിലത് പരിഗണിച്ച് നികുതി നിരക്കുകളിൽ കാര്യമായ വർദ്ധനവുകൾ വരുത്താത്തതും, ടൂറിസം, കാർഷിക, ഗ്രാമ വികസന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി അവതരിപ്പിച്ച ബഡ്ജറ്റ് സ്വാഗതമാണെന്ന് യോഗം വിലയിരുത്തി.
ഇന്ധന നികുതി ചോർച്ച തടയുന്നതിന് സെസ് പിൻവലിക്കാത്തതും, പ്രതിസന്ധി നേരിടുന്ന ചെറുകിട ഇടത്തര വ്യാപാര, വ്യവസായ, നിർമ്മാണ മേഖലകൾക്ക് ആശ്വാസകരമായ നടപടികൾ ഇല്ലാത്തതും നിരാശപ്പെടുത്തിയെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബഡ്ജറ്റ് ചർച്ച വേളയിൽ എംഎൽഎ മാർ നികുതി ചോർച്ച തടയുന്നതിന് അയൽ സംസ്ഥാനങ്ങളുമായി ഇന്ധന നിരക്കുകൾ ഏകീകരിക്കുന്നതിനും, സെസ്സ് പിൻവലിക്കുന്നതിനും യോജിച്ച് ശ്രമം നടത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു.
കേരളത്തിന്റെ വികസനത്തിനും ഗണ്യമായ വരുമാന വർദ്ധനവിനും വിഴിഞ്ഞം തുറമുഖ പദ്ധതി മെയ് മാസത്തിൽ പൂർത്തീകരിക്കും എന്നതും പ്രതീക്ഷ നൽകുന്നു. മന്ത്രിമാരുടെ ചിലവ് ചുരുക്കലിന്റെ ഭാഗമായി പഠനം നടത്തും എന്നത് മാതൃകാപരമായ നിർദ്ദേശമാണ്. പ്രായോഗികമായി നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികള്‍ക്കാണ് ഡിപിആറും മറ്റും തയ്യാറാക്കാൻ പണം ചിലവഴിക്കേണ്ടത്.
ഫ്ലാറ്റ് താമസക്കാർക്ക് ഉൾപ്പെടെ ഭൂനികുതി വിധേയമാക്കും എന്നത് പ്രതിസന്ധി നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ദോഷകരമായി ബാധിക്കും. ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കുന്നതും, റബ്ബർ വില 10 രൂപ കൂട്ടിയതും, പ്രവാസി ക്ഷേമത്തിന് തുക അനുവദിച്ചതും സ്വാഗതാർഹമാണ്.
യോഗത്തിൽ എംഡിസി ജനറൽ സെക്രട്ടറിയും, മുൻ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. ഖജാൻജി എം വി കുഞ്ഞാമു, അഖിലേന്ത്യ ആയുർവേദ സോപ്പ് നിർമ്മാണ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീകല മോഹൻ, സെക്രട്ടറി കെ മോഹൻ കുമാർ, പി ഐ അജയൻ, സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി ലത്തീഫ്, ഡിസ്ട്രിക്റ്റ് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സി വി ജോസി, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി മനോജ്, ന്യൂ ബസാർ മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി സി വി ഗീവർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി പി വാസു, നോവെക്സ് മൻസൂർ സി കെ, പി കെ കുഞ്ഞൻ എന്നിവർ പങ്കെടുത്തു. എംഡിസി സെക്രട്ടറി കുന്നോത്ത് അബൂബക്കർ സ്വാഗതവും, സി സി മനോജ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us