കോഴിക്കോട്: ബീച്ചില്‍ വീണ്ടും സദാചാര വേഷംകെട്ടുമായി ബിജെപിയുടെ പ്രതിഷേധം. ബിച്ചിലെത്തിയ ആണ്‍-പെണ്‍ സുഹൃത്തുക്കളെയാണ് ചൂലുമായെത്തിയ വനിതാ പ്രവര്‍ത്തകര്‍ ആട്ടിയോടിച്ചത്.
പോലീസ് നോക്കുകുത്തികളായി നിന്നപ്പോള്‍ സദാചാര സമരക്കാര്‍ ബിച്ചില്‍ വിശ്രമിക്കാനെത്തിയ ചെറുപ്പക്കാര്‍ക്കു നേരെ ആക്രോശവുമായി അടുത്തു. സമരക്കാരെ കണ്ട് ചിലര്‍ ഓടിമാറിയപ്പോള്‍ ചിലര്‍ ചെറുത്തുനിന്ന് വാഗ്വാദത്തിലേര്‍പ്പെട്ടു.
ബിജെപി വെസ്റ്റ്ഹില്‍ യൂണിറ്റിന്‍റെ പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുവാക്കളെ ലഹരിമാഫിയ ചൂഷണം ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധമെന്നാണ് ബിജെപിയുടെ വിശദീകരണം.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും സദാചാര സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ചു.
സദാചാര സമരത്തിനെതിരെ നവമാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വിശ്രമത്തിനും വിനോദത്തിനും ഉല്ലാസത്തിനുമായി ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവര്‍ക്കെതിരെ ഇത്തരം കാലഹരണപ്പെട്ട സമരരീതികള്‍ ഉയര്‍ത്തുന്നത് നാടിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്.