/sathyam/media/media_files/tMcGFtKNPWa94vBuaNrB.jpg)
കോഴിക്കോട്: രാജ്യം വലിയ കുരുക്കിൽപ്പെട്ടിരിക്കുകയാണെന്നും രക്ഷാ ദൗത്യത്തിൽ കോൺഗ്രസിനൊപ്പം നാം ഓരോരുത്തരും പങ്കാളികളാകണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കോഴിക്കോട് കടപ്പുറത്ത് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി നടത്തുന്ന ത്യാഗ സമരത്തിന്റെ ലക്ഷ്യം മതേതര ഭാരതത്തെ വീണ്ടെടുക്കാനാണ്. സംഘപരിവാർ ഇപ്പോൾ താജ്മഹൽ കുഴിച്ചു നോക്കാൻ പോകുന്നു. പല രാജ്യങ്ങളും തങ്ങളുടെ മണ്ണിൽ രാജ്യ പുരോഗതിക്ക് ആവശ്യമായ സ്വർണമോ ധാതു സമ്പത്തോ ഉണ്ടോയെന്ന് കുഴിച്ചു നോക്കാറുണ്ട്. എന്നാൽ ഇവിടെ നടക്കുന്നത് ഭൂമിക്കടിയിൽ നിന്ന് മനുഷ്യരെ തമ്മിൽ തല്ലിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നാണ്.
/sathyam/media/media_files/gN1jAkvQhuKq1omeuBIX.jpg)
രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വ്യക്തമായ നിലപാടില്ലാത്ത അവസ്ഥയാണ് സിപിഎമ്മിന്. ഇന്ത്യ മുന്നണി എന്ന വിശാല സങ്കല്പത്തിന്റെ ഉമ്മറപ്പടി വരെ വന്നെത്തിനോക്കിയിട്ട് പോകുകയാണ് അവർ ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
പിണറായി കുടുംബത്തിനുവേണ്ടി നിലകൊള്ളുമ്പോൾ മോദി കോപ്പറേറ്റുകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. രണ്ടും നാടിനാപത്താണ്.
ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റും യുഡിഎഫിന് നൽകിയാണ് കേരളം ഈ ദുഷ്ട ശക്തികളെ പ്രതിരോധിക്കേണ്ടത്. നിത്യോപയോഗ സാധനങ്ങളുടെ വില നാൾക്കുനാൾ വർദ്ധിക്കുന്നു. ക്രമസമാധാന നില ഭദ്രമാക്കാൻ സർക്കാരിന് സമയമില്ല. ഈ നില തുടർന്നാൽ കേരളം തകരുമെന്നും സുധാകരൻ പറഞ്ഞു.
/sathyam/media/media_files/eaGHdZqyypgC6a1LwK9K.jpg)
കോൺഗ്രസ് വിരുദ്ധതയുടെ കാര്യത്തിൽ സിപിഎമ്മും ബിജെപിയും ഒരു മുന്നണിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഈ നാട്ടിലെ ഫാസിസ്റ്റ് ശക്തികളെ ഇല്ലായ്മ ചെയ്യാനുള്ള ഒരു യുദ്ധത്തിനുള്ള സൈനിക വിന്യാസമാണ് ഇവിടെ നടക്കുന്നത്. പിണറായി സർക്കാരിന്റെ ധൂർത്തിനും ധാർഷ്ട്യത്തിനുമുള്ള മറുപടിയായിരിക്കണം ഈ വരുന്ന തെരഞ്ഞെടുപ്പെന്ന് സതീശൻ ഓർമിപ്പിച്ചു.
എം.കെ.രാഘവൻ എംപി അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, ടി.സിദ്ധിഖ്, എൻ.സുബ്രഹ്മണ്യൻ, കെ. ജയന്ത്, പി.എ.നിയാസ്, കെ.സി.അബു, ബാലനാരായണൻ, എം.എ.റസക്ക്, ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, അബ്ദുൾ മുത്തലീഫ്, കെ. പി.ബാബു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us