നൊമ്പരങ്ങളിൽ സാന്ത്വനമായി ജനകീയ സദസ്സ്; ആശ്വാസം പകർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

New Update
samaragni yathra kozhikode

 

Advertisment

കോഴിക്കോട്: നെഞ്ചുപൊട്ടുന്ന നൊമ്പരങ്ങൾ പങ്കുവെക്കാൻ എത്തിയവർക്ക് ആശ്വാസം പകർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
സമരാഗ്നി പ്രതിഷേധ യാത്രയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ജനകീയ ചർച്ച സദസിൽ പരാതിയുടെ കടലിരമ്പമായിരുന്നു. പെൻഷൻ കിട്ടാത്ത നിരാശയിൽ ജീവനൊടുക്കിയ ഭിന്നശേഷിക്കാരൻ ചക്കിട്ടപാറ സ്വദേശി ജോസഫിന്റെ മകൾ ആൻസിയുടെ കണ്ണുനീരിൽ കുതിർന്ന പ്രതിഷേധത്തോടെയായിരുന്നു ജനകീയ ചർച്ചാ സദസ്സിന് തുടക്കം.

'പപ്പ മരിച്ചിട്ടും അവർ ഞങ്ങളെ കൊല്ലാതെ കൊല്ലുകയാണ്'. ഞങ്ങൾ വലിയ ഭൂസ്വത്തിന് ഉടമകളാണെന്നും പപ്പയുടെ പേരിൽ വലിയ നിക്ഷേപമുണ്ടെന്നുവരെ അവർ പറഞ്ഞുണ്ടാക്കി. മരിക്കുന്നതിനുമുമ്പ് ജോസഫ് എഴുതിവെച്ച കുറിപ്പിൽ ആ മനുഷ്യൻ അനുഭവിച്ച യാതനയുടെ കഥകൾ മുഴുവനുണ്ട്. എന്നിട്ടും മരണകാരണം, സർക്കാർ സംവിധാനത്തിന്റെ വീഴ്ചയല്ലെന്ന് വരുത്തി തീർക്കാനുള്ള വിഫല ശ്രമത്തിന്റെ ഇരകളാണ് ഈ കുടുംബം.

ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ഇവരെ നിരന്തരം വേട്ടയാടുകയാണ്. ആൻസിയെ കൂടാതെ ജോസഫിന് മറ്റൊരു മകൾ കൂടിയുണ്ട്. ഭിന്നശേഷിക്കാരിയായ ആ കുട്ടി ഒരു അഭയ കേന്ദ്രത്തിലാണ്. സുമനസ്സുകൾ ചെയ്ത സൽകർമ്മത്തിന്റെ പിതൃത്വവും പാർട്ടിക്കാർ ഏറ്റെടുക്കാൻ ശ്രമിച്ചു. നിരാലംബരായ കുടുംബത്തിനു വേണ്ട സഹായവും സംരക്ഷണവും നൽകാൻ കെ സുധാകരൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

പന്നിയെ പട്ടിയാക്കി വനം വകുപ്പ് 

രണ്ടുവർഷം മുമ്പാണ്  കൂരാച്ചുണ്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ റഹീം കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെടുന്നത്. മകളും പേരക്കുട്ടിയുമായി ഓട്ടോയിൽ പോകുമ്പോൾ പാഞ്ഞുവന്ന കാട്ടുപന്നി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ റഹീം ഗുരുതരമായ പരിക്കുകളോടെ ഏറെനാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുമാസം നീണ്ട ചികിത്സയ്ക്ക് ഫലം കണ്ടില്ല റഹിം മരണമടഞ്ഞു. മകളും പേരക്കുട്ടിയും തൊട്ടടുത്ത വീട്ടുകാരനും സംഭവത്തിന് ദൃക്സാക്ഷിയാണ്.

വന്യമൃഗ ആക്രമണത്തിൽ മരണമടയുന്നവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യത്തിനായി റഷീദിന്റെ ഭാര്യ അപേക്ഷ നൽകി. പലതവണ വനം വകുപ്പിന്റെ ഓഫീസ് കയറിയിറങ്ങി. ഒടുവിൽ അവർ കണ്ടെത്തി പന്നിയല്ല ഇടിച്ചത് പട്ടിയാണ് ഇടിച്ചത് അതുകൊണ്ടു സഹായം നൽകാൻ കഴിയില്ല.

സംഭവം നേരിട്ട് കണ്ട നാട്ടുകാരുടെയും ഉറ്റവരുടെയും  വാക്കുകൾ അവർ മുഖവിലക്കെടുത്തില്ല. മനുഷ്യത്വമുള്ള ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ സീനത്തിനോട് പറഞ്ഞു ഫണ്ടില്ലാത്തതിനാൽ പരാതി ഒഴിവാക്കി വിടാനാണ് മുകളിൽ നിന്ന് പറഞ്ഞിരിക്കുന്നതെന്ന്. സംഭവത്തിൽ പുനർ അന്വേഷണം നടത്തി അർഹതപ്പെട്ട ആനുകൂല്യം നേടിത്തരാൻ ഞങ്ങൾ ഒപ്പമുണ്ടാകുമെന്ന് ചർച്ചാ സദസ്സിൽ എത്തിയ സീനത്തിന് കെപിസിസി പ്രസിഡന്റ് കെ,സുധാകരൻ ഉറപ്പു നൽകി.

വന്യമൃഗം: പണി അറിയാമെന്ന് കർഷകൻ; അല്പം കൂടി കാത്തിരിക്കാൻ സുധാകരൻ

വന്യമൃഗങ്ങളുടെ ശല്യത്തെ തുടർന്ന് കൃഷി നശിച്ചവരും പ്രാണ ഭയത്തോടെ ജീവിക്കുന്നവരുമായ ഒട്ടേറെ പേർ ചർച്ച സദസ്സിൽ പരാതിയുമായി എത്തിയിരുന്നു. 7000 വാഴ വെച്ചിട്ട് 10 കുല പോലും വെട്ടാൻ കഴിയാത്ത കർഷകൻ എബ്രഹാം ഉഴുന്നാലിൽ രോഷം കൊണ്ട് ഉറഞ്ഞുതുള്ളി. വാഴ നശിപ്പിക്കുന്ന പന്നിയെ തുരത്താൻ പഞ്ചായത്തിൽ പോയി പറഞ്ഞു അവിടെനിന്ന് അനുമതി വാങ്ങി തോക്കുള്ളവരെ കണ്ടെത്തി കൃഷിയിടത്തിൽ എത്തുമ്പോഴേക്കും പന്നി പന്നിയുടെ വഴിക്ക് പോയി കാണും.

ഇതൊന്നും വേണ്ട നിമിഷനേരം കൊണ്ട് പൊട്ടിക്കാൻ ഞങ്ങൾക്കറിയാം. കാട്ടാനയാണെങ്കിലും കാട്ടുപന്നിയാണെങ്കിലും തലച്ചിതറിപോകും. പിന്നിൽ ഉണ്ടാവുമെന്ന ഉറപ്പു മാത്രം മതി ഞങ്ങൾക്കെന്ന് എബ്രഹാം വികാരാധിതനായി പറഞ്ഞു. എബ്രഹാമിനെപ്പോലുള്ള കർഷകരുടെ പക്ഷത്താണ് താനെന്ന് കെ. സുധാകരൻ പറഞ്ഞു. പിന്നിലെല്ലാം മുന്നിൽ ഞങ്ങൾ ഉണ്ടാവും. നമുക്ക് അല്പം കൂടി കാത്തിരിക്കാം.

പാളയം മാർക്കറ്റ്: തുഗളക്ക് പരിഷ്കാരം വേണ്ടെന്ന് സുധാകരൻ

കോഴിക്കോടിന്റെ പൈതൃകം പേറുന്ന പാളയം പച്ചക്കറി മാർക്കറ്റ് മാറ്റി സ്ഥാപിക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ  കച്ചവടക്കാർ ജനകീയ ചർച്ച സദസ്സിൽ എത്തി. മാർക്കറ്റ് കല്ലുത്താൻ കടവിലെ ചതുപ്പ് ഭൂമിയിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്. കച്ചവടക്കാരും തൊഴിലാളികളും ഉൾപ്പെടെ 5000 ത്തിൽ പരം പേർ പ്രതിസന്ധിയിൽ ആകുന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ നടത്തുന്ന സമരത്തെ പിന്തുണയ്ക്കണമെന്നായിരുന്നു വ്യാപാരി പ്രതിനിധി കെ.ടി.അബ്ദു ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

കച്ചവടക്കാരും തൊഴിലാളികളും നടത്തുന്ന ന്യായമായ സമരം കോൺഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ.സുധാകരൻ അറിയിച്ചു. തുടർനടപടിക്കായി ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, എം.കെ ..രാഘവൻ എംപി എന്നിവരെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

'ഈ പണമെല്ലാം ഇവരെന്തു ചെയ്യുന്നു'

സമരാഗ്നിയാത്ര കാസർഗോഡ് നിന്നും ആരംഭിച്ച നാൾ മുതൽ കേൾക്കുന്ന പൊതുവായ ചില പരാതികൾ ഉണ്ട്. പെൻഷൻ കിട്ടിയിട്ട് ആറുമാസം, ഓണറേറിയം കിട്ടിയിട്ട് ഒരു വർഷം, തുടർ ഭരണ കിറ്റ് വിതരണം ചെയ്ത കൂലി ഇതുവരെ കിട്ടിയില്ലെന്ന് റേഷൻ വ്യാപാരികൾ, മണ്ണെണ്ണ, ഡീസൽ സബ്സിഡി കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ, സംഭരിച്ച കാർഷിക ഉത്പന്നങ്ങളുടെ തുക പേഴ്സണൽ ലോൺ എടുക്കേണ്ടിവന്ന കർഷകരുടെ ദുരവസ്ഥ, വന്യമൃഗ ആക്രമണം പെട്ടവർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന പരാതി, ക്ഷേമനിധിയിൽ സർക്കാർ വിഹിതം അടക്കുന്നില്ലെന്ന ആക്ഷേപം, മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ പദ്ധതി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മരവിപ്പിച്ചതായുള്ള പരാതി തുടങ്ങിയ പരാതികളുടെ പ്രളയം തന്നെയായിരുന്നു കോഴിക്കോട്ട്. 

പഴകുളം മധു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, എം.കെ.രാഘവൻ എംപി, എ.പി. അനിൽകുമാർ എംഎൽഎ, കെ.ജയന്ത്, പി.എം.നിയാസ്, എൻ. സുബ്രഹ്മണ്യം, കെ.പി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Advertisment