Advertisment

തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ഓഡിറ്റിംഗ് നടത്തി യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പ് വരുത്തണം; യാത്രക്കാരും ജീവനക്കാരും ജാഗ്രത പാലിക്കണം - സിഎആർയുഎ

New Update
ce chakkunni press meet

കോഴിക്കോട്: തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ഓഡിറ്റിംഗ് നടത്തി യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ.

Advertisment

തീവണ്ടി യാത്രക്കാരുടെയും, ജീവനക്കാരുടെയും നേരെയുള്ള ആക്രമണം, പിടിച്ചുപറി, കവർച്ച, കമ്പാർട്ട്മെന്റ് കളിലെ ഓവർ ക്രൗഡ് മൂലം യാത്രക്കാരും ടി ടി ഇ മാരും തമ്മിലുള്ള തർക്കം നിത്യസംഭവങ്ങളാണ്. ഇതിനു പുറമെ കോച്ചുകളിൽ പാമ്പും, ഉടമസ്ഥൻ ഇല്ലാത്ത കൂടോത്ര സാധനങ്ങളും കണ്ട സാഹചര്യത്തിൽ യാത്രക്കാരും, ജീവനക്കാരും ഒരുപോലെ ഭീതിയിലും, ആശങ്കയിലും ആണ്. 

ശുചീകരണ ജീവനക്കാർ മുതൽ ലോക്കോ പൈലറ്റ് വരെയുള്ള വിവിധ തസ്തികകളിൽ  വർഷങ്ങളായുള്ള ഒഴിവുകൾ നികത്താത്തതാണ് പ്രധാന കാരണം. പ്രസ്താവനകൾ,നിവേദനങ്ങൾ, യാത്രക്കാരുടെയും, ജീവനക്കാരുടെയും  ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ, സമരങ്ങൾ കൊണ്ടൊന്നും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല.

മന്ത്രിമാരും ജനപ്രതിനിധികളും തിരഞ്ഞെടുപ്പ് തിരക്കിലും ആണ്. ഈ സാഹചര്യത്തിലാണ് ഡ്യൂട്ടിക്കിടയിൽ ടി ടി ഇയുടെ ദാരുണമരണവും, യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസ്സ് എ. സി. കമ്പാർട്ട്മെന്റിൽ  കവർച്ചയും നടന്നത്. ഇതിനാലാണ് അടിയന്തര  ഇടപെടൽ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, റെയിൽവേ മന്ത്രാലയം എന്നിവർക്ക് നിവേദനം സമർപ്പിച്ചത്.  

ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതാരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അസോസിയേഷന് ലഭിച്ച അറിയിപ്പാണ് യാത്രക്കാരുടെ ഏക ആശ്വാസം.

ഓരോ വണ്ടിയും സർവീസ് ആരംഭിക്കുമ്പോൾ കമ്പാർട്ട്മെന്റുകൾക്കുള്ളിൽ ക്ലീൻ ചെയ്തു വെള്ളവും, വൈദ്യുതിയും ഉറപ്പുവരുത്തി ലോക്ക് ചെയ്തു യാത്ര പുറപ്പെടുന്ന പ്ലാറ്റ്ഫോമിൽ എത്തിയതിനുശേഷം മാത്രമേ യാത്രക്കാർക്ക് തുറന്നു കൊടുക്കാവൂ എന്ന നിബന്ധന പലപ്പോഴും പാലിക്കുന്നില്ല. ക്ലീനിങ് തൊഴിലാളികളുടെ കുറവും, കരാറുകാരെ ഏൽപ്പിച്ചതുമാണ്  ഇത്തരം  വീഴ്ചകൾ സംഭവിക്കാൻ കാരണം.

സോണൽ, ഡിവിഷണൽ, സ്റ്റേഷൻ മാനേജർമാർ അടിയന്തരമായി യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റികൾ വിളിച്ചുചേർത്ത് ചർച്ചചെയ്ത് പ്രശ്നങ്ങൾ അടിന്തരമായി പരിഹരിക്കണമെന്ന് അസോസിയേഷൻ അടിയന്തര യോഗം ആവശ്യപ്പെട്ടു.

സ്വർണ്ണവില വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ യാത്രാവേളകളിൽ ആഭരണങ്ങൾ ധരിക്കുന്നതും കൊണ്ടുപോകുന്നതും നിരുൽസാഹപ്പെടുത്തുന്നത് ഉൾപ്പെടെ യാത്രക്കാർ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ റെയിൽവേയുമായി സഹകരിച്ച്  ബോധ വൽക്കരണം നടത്താൻ അസോസിയേഷൻ തീരുമാനിച്ചു.

അസോസിയേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. കേരള റീജിയൻ വൈസ് പ്രസിഡൻറ് എം.കെ. അയ്യപ്പൻ, സെക്രട്ടറി പി.ഐ. അജയൻ, ദേശീയ കൺവീനർ സൺഷൈൻ ഷൊർണൂർ, പ്രൊഫസർ ഫിലിപ് കെ. ആൻ്റണി , ബേബി കിഴക്കെ ഭാഗം, കെ വി മെഹബൂബ്, എന്നിവരും ദേശിയ ചെയർമാൻ ഡോ. എ.വി.അനൂപ്, തെലുങ്കാന - ആന്ധ്ര  കൺവീനർ ഡോ. കെ.എസ്. ജോൺസൻ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറി എം.വി. കുഞ്ഞാമു സ്വാഗതവും സി.സി. മനോജ് നന്ദിയും പറഞ്ഞു.

Advertisment