Advertisment

മിഠായിത്തെരുവിൽ ആരാവും മധുരം നുണയുക. വികസനം ചർച്ചയാക്കി നാലാം അങ്കത്തിന് ആത്മവിശ്വാസത്തോടെ എം.കെ.രാഘവൻ. അട്ടിമറിയിലൂടെ സീറ്റ് പിടിച്ചെടുക്കാൻ എളമരം കരിം. വോട്ട് ഏകീകരണത്തിന് ബി.ജെ.പി. കോഴിക്കോട്ട് ചരിത്രം ആവർത്തിക്കുമോ ? എം.പിമാർ തമ്മിൽ ഏറ്റുമുട്ടുന്ന കോഴിക്കോട്ട് വിജയം ആർക്ക്. അഭിപ്രായ സർവേകളിൽ രാഘവന് മുൻതൂക്കം.

നാല് പതിറ്റാണ്ടായി കോഴിക്കോട്ട് സുപരിചിതനായ രാജ്യസഭാ എം.പി കൂടിയായ എളമരം കരിമിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ബിജെപി വോട്ടുകൾ ഏകീകരിക്കാനും ശക്തമായ മത്സരം കാഴ്ചവയ്ക്കാനുമായി പ്രമുഖ നേതാവായ എംടി രമേശിനെ തന്നെയാണ് ബിജെപി കോഴിക്കോട് രംഗത്തിറക്കിയത്.

New Update
alamaram kareem mk raghavan mt ramesh

കോഴിക്കോട്: സ്നേഹത്തിന്റെയും മാധുര്യത്തിന്റെയും നാടായ കോഴിക്കോട് തിരഞ്ഞെടുപ്പിൽ ആർക്ക് അനുകൂലമാവുമെന്ന് പ്രവചിക്കുക അസാദ്ധ്യം. നാലാം തവണയും അങ്കത്തിനിറങ്ങുന്ന എം.കെ രാഘവൻ യാതൊരു ആശങ്കയുമില്ലാതെ തികഞ്ഞ ജയപ്രതീക്ഷയിലാണ്.

Advertisment

നാല് പതിറ്റാണ്ടായി കോഴിക്കോട്ട് സുപരിചിതനായ രാജ്യസഭാ എം.പി കൂടിയായ എളമരം കരിമിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ബിജെപി വോട്ടുകൾ ഏകീകരിക്കാനും ശക്തമായ മത്സരം കാഴ്ചവയ്ക്കാനുമായി പ്രമുഖ നേതാവായ എംടി രമേശിനെ തന്നെയാണ് ബിജെപി കോഴിക്കോട് രംഗത്തിറക്കിയത്.


നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതിനെയും ലോകസഭയിൽ വലതിനെയും പിന്തുണയ്ക്കുന്നതാണ് കോഴിക്കോടിന്റെ സമീപകാല രാഷ്ട്രീയം. മൂന്നു തവണ മാത്രമാണ് എൽ‍ഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാനായത്.  സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ്, എന്നിവയ്ക്ക് പുറമെ ജനതാദൾ, എൻസിപി തുടങ്ങിയ പാർട്ടികൾക്കും കോഴിക്കോട് നല്ല വേരോട്ടമുണ്ട്.


ബാലുശേരി, എലത്തൂർ, കോഴിക്കോട് തെക്ക്, കോഴിക്കോട് വടക്ക്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നിങ്ങനെയുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, ബേപ്പൂർ മണ്ഡലങ്ങളിൽ സിപിഎമ്മും എലത്തൂരിൽ എൻസിപിയും കോഴിക്കോട് സൗത്തിലും കുന്നമംഗലത്തും ഐഎൻഎല്ലുമാണ് ഭരണത്തിലുള്ളത്.

കോൺഗ്രസിന്റെയും ലീഗിന്റെയും വോട്ടുകൾ ഏകീകരിച്ച് വിജയം നേടാൻ കഴിയുമെന്നാണ് എംകെ രാഘവന്റെ വിശ്വാസം. 2009ൽ പി.എ.മുഹമ്മദ് റിയാസ് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കരുതിയ മണ്ഡലത്തിൽ 838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചാണു രാഘവൻ കടന്നുകൂടിയത്. അതിനാൽ അടിയൊഴുക്കുകൾക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.  

ഇടതുപക്ഷ വോട്ടുകൾക്കൊപ്പം തൊഴിലാളി വോട്ടുകൾ കൂടി ഏകീകരിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. പാർലമെന്റിൽ തീവ്ര വലതുപക്ഷത്തിന് എതിരെ ഭരണത്തിൽ എത്താൻ സാധിക്കുന്നത് ഏത് പാർട്ടിക്ക് ആണോ അവർക്ക് വോട്ട് ചെയ്യുകയെന്നതാണ് കോഴിക്കോട്ടുകാരുടെ സ്വഭാവം.


ഇത്തവണ രണ്ട് എം.പിമാരാണ് കോഴിക്കോട്ട് ഏറ്റുമുട്ടുന്നത്. എം.കെ.രാഘവൻ സിറ്റിംഗ് എം.പിയാണെങ്കിൽ എളമരം കരിം രാജ്യസഭാ എം.പിയാണ്. മണ്ഡലത്തിൽ ഏറെ ജനസമ്മതിയുള്ളതാണ് എം.കെ രാഘവന്റെ പ്ലസ് പോയിന്റ്. 2009 ൽ എം കെ രാഘവനും പി എ മുഹമ്മദ് റിയാസും നേർക്ക് നേർ പോരാടിയപ്പോൾ 838 വോട്ടുകൾക്കാണ് രാഘവൻ  വിജയിച്ചത്.


2014ൽ ഭൂരിപക്ഷം 16883 വോട്ടുകളായി ഉയർന്നു. 2019ൽ ഭൂരിപക്ഷം 85225 ആയി. ജനകീയനായ എംഎൽഎ എ പ്രദീപ് കുമാറായിരുന്നു എതിരാളി. കഴിഞ്ഞ തവണ ബി.ജെ.പി 15.53ശതമാനമായി വോട്ടു വിഹിതം ഉയർത്തി. ഇത്തവണ ഇഞ്ചോടിഞ്ച് മത്സരമാണ് കോഴിക്കോട്ട് നടക്കുന്നത്.

15 വ‌ർഷത്തെ എം.പിയായുള്ള പ്രവർത്തനവും മണ്ഡലത്തിലുണ്ടാക്കിയ ജനകീയതയുമാണ് രാഘവന്റെ ആത്മവിശ്വാസം കൂട്ടുന്നത്. എന്നാൽ കാര്യമായ വികസനമൊന്നും മണ്ഡലത്തിലുണ്ടായിട്ടില്ലെന്ന് ഇട‌തുമുന്നണി തിരിച്ചടിക്കുന്നു. രാഷ്ട്രീയവും വികസനവും ചർച്ചയാവുന്നതിന് ഒപ്പം മതസാമുദായിക ഘടകങ്ങളും കോഴിക്കോട്ടെ ജയപരാജയങ്ങളെ സ്വാധീനിക്കും. 

പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ തുടങ്ങിയവയിലെ നിലപാടുകൾ വോട്ടായി മാറുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. വികസനമാണ് യു.ഡി.എഫിന്റെ പ്രചാരണ ആയുധം. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ വികസനം തന്റെ നിരന്തര ശ്രമത്തിന്റെ ഫലമാണെന്ന് രാഘവൻ പ്രചാരണം നടത്തുന്നു.

കഴിഞ്ഞ തവണത്തെ അത്രയും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും രാഘവനാവും വിജയിയെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. ബിജെപി വർദ്ധിപ്പിക്കുന്ന വോട്ട് ആരുടെ പെട്ടിയിൽ നിന്നാണ് നഷ്ടമാകുന്നതും വിജയത്തിൻ്റെ ഗതി നിർണയിക്കും.

Advertisment