Advertisment

വടകരയിലെ സർവ്വകക്ഷിയോഗത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. സർവകക്ഷിയോഗം വിളിക്കുന്നതിനെ കുറിച്ച് സിപിഎമ്മുമായി ചർച്ച നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടയിൽ കോൺഗ്രസിന് അതൃപ്തി. ഇലക്ഷൻ ജയിക്കാൻ വർഗീയ കാർ‍‍‍ഡ് ഇറക്കിയിട്ട് ഇപ്പോൾ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത് സിപിഎമ്മിൻെറ കുതന്ത്രമെന്ന് കോൺഗ്രസ്. സർവ്വകക്ഷിയോഗം വിളിക്കാനുളള നീക്കത്തിനെതിരെ ലീഗ് പ്രാദേശിക നേതൃത്വവും ആർഎംപിയും രംഗത്ത്

New Update
pk kunjalikutty and leaders

കോഴിക്കോട്: വടകരയിലെ വർഗീയ വിഭജനം തടയാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യത്തെചൊല്ലി യു.ഡി.എഫിൽ ഭിന്നത. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനുമായി ചർച്ച ചെയ്ത് സർവ്വകക്ഷിയോഗത്തിന് മുൻകൈയെടുത്ത ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടിയാണ് ഐക്യജനാധിപത്യ മുന്നണിയിൽ ഭിന്നതയ്ക്ക് വഴിവെച്ചത്.

Advertisment

മുന്നണിയിൽ മാത്രമല്ല ഭിന്നതയുളളത്, ലീഗിലും സർവ്വകക്ഷിയോഗം വിളിക്കുന്നത് തർക്കവിഷയമായി വളരുകയാണ്. വടകരയിൽ സർവകക്ഷി യോഗം വിളിക്കാൻ സിപിഎമ്മുമായി പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച നടത്തിയതിൽ കോൺഗ്രസിന് കടുത്ത അതൃപ്തിയുണ്ട്. സിപിഎം - ലീഗ് ചർച്ചയെ കുറിച്ച് അറിയില്ലെന്ന  ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിൻെറ പ്രതികരണത്തിൽ അത് വ്യക്തമാണ്.

സർവ്വകക്ഷി യോഗം തീരുമാനിക്കേണ്ടത് കലക്ടറാണെന്ന് പ്രതികരിച്ച കെ. മുരളീധരൻ്റെ മറുപടിയിലും കോൺഗ്രസിൻെറ അതൃപ്തി നിഴലിക്കുന്നുണ്ട്. വടകരയിൽ സർവ്വകക്ഷിയോഗം വിളിക്കാനുളള തീരുമാനത്തിൽ ആർ.എം.പിക്കും ശക്തമായ എതിർപ്പുണ്ട്. യോഗത്തെ കുറിച്ച് ആലോചിക്കാൻ സി.പി.എമ്മും മുസ്ളിം ലീഗും തമ്മിൽ ചർച്ച നടത്തിയതിലും ആർ.എം.പിക്ക് അമർഷം ഉണ്ട്.

കാഫിർ പ്രയോഗത്തിൻെറ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചവരെ രക്ഷിക്കാനാണ് സി.പി.എം സർവ്വകക്ഷിയോഗവുമായി മുന്നിട്ട് ഇറങ്ങിയിരിക്കുന്നതെന്നാണ് വടകരയിലെ മുസ്ളിം ലീഗ്, യൂത്ത് ലീഗ് നേതൃത്വത്തിൻെറ വിമർശനം. ഈ വിമർശനം പരസ്യമാക്കി എം.എസ്.എഫ് നേതൃത്വവും രംഗത്തെത്തി.

മുന്നണിയിൽ നിന്നും പാർട്ടിയിൽ നിന്നും എതിർപ്പ് ഉയരുമ്പോഴും പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഒപ്പമുണ്ട് എന്നതാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം.സർവ്വകക്ഷി യോഗം വിളിക്കണമെന്ന്  ആവശ്യപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരസ്യമായി പിന്തുണച്ചു.

വടകരയിൽ സർവകക്ഷിയോഗം വിളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ സമവായത്തിനായി മുസ്ലിം ലീഗ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. വർഗീയ ധ്രുവീകരണത്തിന് വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന യൂത്ത് ലീഗിൻെറയും എം.എസ്.എഫിൻ്റെയും അഭിപ്രായത്തെ പിന്തുണക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമാണ് സമവായ ശ്രമങ്ങളായി വിലയിരുത്തപ്പെടുന്നത്.

പ്രതികളെ പിടികൂടിയതിന് ശേഷം സർവകക്ഷിയോഗമെന്ന എം.എസ്.എഫിൻ്റെയും യൂത്ത്  ലീഗിൻ്റെയും നിലപാട് പാർട്ടിക്കുളളിൽ ഭിന്നതയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് മറയിടാനാണ് സമവായ രാഷ്ട്രീയത്തിൻെറ വക്താവായ പി.കെ. കു‌ഞ്ഞാലിക്കുട്ടി തന്നെ കളത്തിലിറങ്ങാൻ കാരണം.

സി.പി.എമ്മുമായി സഹകരിച്ച് പോകാനുള്ള  ഒരു വിഭാഗത്തിൻ്റെ നീക്കമായാണ് സർവ്വകക്ഷി യോഗം വിളിക്കുന്നത് സംബന്ധിച്ച പി.മോഹനൻ - പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച ലീഗിനകത്ത് ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരം ഏത് നീക്കത്തെയും ശക്തിയുക്തം എതിർ‍ക്കാനാണ് മുസ്ളീം ലീഗ് കോഴിക്കോട്, കണ്ണൂർ ഘടകങ്ങളുടെ തീരുമാനം.

പൊടുന്നനെ സർവകക്ഷി യോഗത്തിൻ്റെ കാര്യത്തിൽ ഉയർന്ന  വിയോജിപ്പ് ഇതിൻെറ ഭാഗമാണ്.സി.പി.എമ്മുമായി ഒത്തുതീർപ്പിന് വഴിയൊരുക്കുന്ന സർവകക്ഷി യോഗത്തിന് ലീഗിലെ കണ്ണൂർ നേതൃത്വത്തിന് ഒരുതരത്തിലും താൽപര്യമില്ല.

വടകരയിൽ  സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ് സിപിഐഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്. തിരഞ്ഞെടുപ്പ് ജയിക്കാനായി എല്ലാ കുതന്ത്രവും പയറ്റിയ ശേഷം വർഗീയ വിഭജനം ഉണ്ടായെന്ന് വിലപിക്കുന്ന സി.പി.എം അതിൻെറ ഉത്തരവാദിത്തം യു.ഡി.എഫിൻെറ തലയിൽ കെട്ടി വെയ്ക്കാനുളള ശ്രമമാണ് സ‍ർവ്വകക്ഷിയോഗമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

സർവ്വകക്ഷി യോഗത്തെ പിന്തുണക്കുക എന്നാൽ സി.പി.എം തന്ത്രത്തിൽ വീഴുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ സർവ്വകക്ഷിയോഗത്തോട് കോൺഗ്രസിന് യോജിപ്പില്ല. വടകരയിൽ സർവകക്ഷിയോഗം വേണമെന്ന ലീഗ് നിലപാടിൽ  കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണ്. വടകരയിലെ മുസ്ളീം ലീഗ് നേതൃത്വത്തിനും ആർ.എം.പി നേതൃത്വത്തിനും ഇതേ വികാരം തന്നെയാണ്.

വടകരയിൽ  യോഗം വിളിച്ച് ചേർക്കേണ്ട കാര്യമില്ലെന്ന് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ഇതിൻെറ തെളിവാണ്. സൈബർ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള പി.മോഹനൻ്റെ കുശാഗ്ര ബുദ്ധിയെന്ന് നജാഫിൻ്റെ വിമർശനം.

സർവ്വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യത്തെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പിന്തുണച്ചതോടെ പാർട്ടിക്ക് ഉളളിലെ വിമർ‍ശനങ്ങൾ അവസാനിക്കുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ. സമാധാനം സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തം ആണെന്ന് കുറ്റ്യാടിയിലെ മുൻ എം.എൽ.എ പാറക്കൽ അബ്ദുളള പ്രതികരിച്ചു.

Advertisment