/sathyam/media/media_files/ROoHfXaBMFZuUtWh2mIm.jpg)
കോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടി വീണ്ടും പാർലമെന്റിലേക്ക് പോകുമോ ? ഈ ചോദ്യമാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻെറ നേതാക്കൾക്കും പ്രധാന പ്രവർത്തർക്കും ഇടയിലെ മുഖ്യചർച്ചാവിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യാ സഖ്യത്തിന് അനുകൂലമാകുമെങ്കിൽ, ലീഗിൻെറ കുഞ്ഞാപ്പ ദേശിയ രാഷ്ട്രീയത്തിൽ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിർന്നേക്കുമെന്ന സൂചനകളാണ് ചർച്ചയുടെ അടിത്തറ.
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എക്കാലത്തും കോൺഗ്രസിൻെറ വിശ്വസ്ത സഖ്യകക്ഷിയായ മുസ്ളീംലീഗിന് മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിനെ ഉറപ്പിച്ച് നിർത്തേണ്ടത് അനിവാര്യമായതിനാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അതിനായി സമ്മർദ്ദവും ഉണ്ടാകും.
ഇപ്പോൾ തന്നെ ലീഗിനെ ചാടിച്ചുകൊണ്ടുപോകാൻ സി.പി.എം കാത്തുനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അങ്ങനെ കാര്യങ്ങളെല്ലാം അനുകൂലമായാൽ ഇ.അഹമ്മദിനെ പോലെ ദേശിയ മന്ത്രിസഭയിൽ ഒരു മന്ത്രിയാകാനായി കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പറക്കാൻ തന്നെയാണ് സാധ്യത.
ജൂലൈ 1ന് ഒഴിവ് വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയിപ്പിക്കാൻ കഴിയുന്ന സീറ്റ് ലീഗിന് ലഭിക്കുമെന്ന് ഉറപ്പാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച് കടുംപിടുത്തം പിടിച്ചപ്പോൾ മനസില്ലാമനസോടെയാണെങ്കിലും കോൺഗ്രസ് വഴങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യമെല്ലാം കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്.
ഒറ്റക്കാര്യത്തിൽ മാത്രമേ ആശങ്കയുളളു, ജൂൺ 4ന് വോട്ടെണ്ണുമ്പോൾ ഇന്ത്യാസഖ്യത്തിന് കേവല ഭൂരിപക്ഷം എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ കഴിയുമോ എന്നതിൽ. ഇന്ത്യസഖ്യം ഭരണം പിടിച്ചാൽ ദേശിയ രാഷ്ട്രീയത്തിൽ ഒരുകൈ നോക്കാൻ കുഞ്ഞാലിക്കുട്ടിക്ക് പൂതി തോന്നിയാൽ പിന്നെ തടയാനോ എതിർക്കാനോ ആരുമില്ല. കാരണം പാർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പാണ്ടിക്കടവത്ത് കുഞ്ഞാപ്പയുടെ കൈയ്യിൽ തന്നെ.
കുഞ്ഞാലിക്കുട്ടി ഇവിടെ നിന്ന് തട്ടകം മാറ്റുന്നതിനോട് ലീഗിലെ എതിർപക്ഷത്തിനും എതിർപ്പുണ്ടാവില്ല. കേരളത്തിൽ ഭരണം പിടിച്ചാൽ ഇവിടെ അവസരം വർദ്ധിക്കും എന്നതാണ് അതിന് ഒരു കാരണം. ലീഗ് നിയമസഭാകക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ ഉപനേതൃസ്ഥാനവും ഉടനടി മറ്റാരിലേക്കെങ്കിലും വന്നുചേരും എന്നതാണ് മറ്റൊരു കാരണം.
കേരള നിയമസഭയിൽ ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് പിന്നിൽ രണ്ടാമനായ ഡോ.എം. കെ.മുനീറിലേക്കോ, കെ.പി.എ മജീദിലേക്കോ ആ സ്ഥാനം വന്നുചേരാനാണ് സാധ്യത. ഇതെല്ലാം കൊണ്ട് പാർട്ടിയിൽ നിന്ന് കുഞ്ഞാലിക്കുട്ടിയ്ക്ക് രാജ്യസഭാംഗത്വം നൽകുന്നതിനോട് എതിർപ്പുണ്ടാകാനുളള സാധ്യത തുലോം കുറവാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് പോകാനില്ല എന്ന് പ്രഖ്യാപിച്ചാൽ മാത്രമേ ലീഗ് നേതൃത്വം മറ്റ് പേരുകളിലേക്ക് കടക്കാൻ സാധ്യതയുളളു. യു.ഡി.എഫിന് ലഭിക്കുന്ന രാജ്യസഭാ സീറ്റ് ലീഗിന് തന്നെയെന്നും ആരെ ഡൽഹിക്കയക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടിക്ക് താൽപര്യം ഇല്ലെങ്കിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. സമസ്തക്ക് അസ്വീകാര്യനായ സലാമിനെ, ഈ കാരണം പറഞ്ഞ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്യാം എന്നതാണ് അത്തരം തീരുമാനം എടുക്കുന്നതിലൂടെ വന്നുചേരുന്ന സൗകര്യം.
ഐ.എൻ.എൽ വിട്ട് ലീഗിലേക്ക് വന്ന സലാമിന് രാജ്യസഭാ സീറ്റ് നൽകുന്നതിൽ സമസ്ത അടക്കമുളള കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് വന്നാൽ യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി സീറ്റിൽ മത്സരിക്കാൻ പി.എം.എ സലാം ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. സീറ്റിന് പകരമായി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നൽകി ആശ്വാസം പകരുകയാണ് ഉണ്ടായത്.
സമസ്തയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് സലാമിന് നറുക്ക് വീഴുമോ എന്നതാണ് കണ്ടറിയേണ്ടത്. മൂന്നാം സീറ്റ് എന്ന ആവശ്യം പാർട്ടിക്ക് അകത്തും പുറത്തും ഉന്നയിച്ച് സമ്മർദ്ദം ചെലുത്തിയ യൂത്ത് ലീഗ് ഒരു സീറ്റ് മോഹിച്ചാണ് മുന്നിട്ടിറങ്ങിയത്. എന്നാൽ മൂന്നാം സീറ്റിന് പകരമായി ലഭിച്ച രാജ്യസഭാ സീറ്റും വൃദ്ധ നേതൃത്വം കൊണ്ടുപോകുകയാണെന്ന് വന്നാൽ യൂത്ത് ലീഗ് നേതൃത്വം ഇടയാനാണ് സാധ്യത.
ലോക്സഭ തെരഞ്ഞെടുപ്പിൽ യുവാക്കളെ പരിഗണിച്ചില്ലെന്ന പരാതി യൂത്ത് ലീഗിനുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് ഫൈസൽ ബാബുവിൻെറ പേര് യൂത്ത് ലീഗ് സജീവ ചർച്ചയിലേക്ക് കൊണ്ടുവരുന്നത്.
ഇന്ത്യാ സഖ്യം അധികാരം പിടിക്കുകയും പി.കെ.കുഞ്ഞാലിക്കുട്ടി രാജ്യ സഭാംഗത്വം നേടി ഡൽഹിയിലേക്ക് പോകുകയും ചെയ്താൽ അത് ദേശിയ രാഷ്ട്രീയത്തിലേക്കുളള അദ്ദേഹത്തിൻെറ രണ്ടാം പരീക്ഷണമായിരിക്കും. ഇ.അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് 2017ൽ നിയമസഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച് ഡൽഹിക്ക് പോയിരുന്നു.
2019ൽ ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്ന കണക്കൂകൂട്ടലിലായിരുന്നു നീക്കം. ഭിന്ന രാഷ്ട്രീയ ചേരിയിൽ നിൽക്കുമ്പോഴും വ്യക്തിപരമായി ഏറെ അടുപ്പമുളള പിണറായി വിജയനെ സഭയിലും പുറത്തും എതിർക്കാനുളള വിഷമം കൊണ്ടാണ് നിയമസഭാംഗത്വം വിട്ട് ലോകസഭയിലേക്ക് മത്സരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
എന്നാൽ ദേശിയ രാഷ്ട്രീയത്തിലേക്കുളള അദ്ദേഹത്തിൻെറ ആദ്യ പരീക്ഷണം അത്ര വിജയമായിരുന്നില്ല. സമുദായത്തെയും രാജ്യത്തെയും ബാധിച്ച പല നിർണായക വിഷയങ്ങളും പാർലമെന്റ് ചർച്ച ചെയ്തപ്പോൾ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം.
മുസ്ളീം സമുദായത്തെ ബാധിക്കുന്ന മുത്തലാഖ് ബിൽ ചർച്ചക്ക് വന്നപ്പോൾ കുഞ്ഞാലിക്കുട്ടി സഭയില്ലാതിരുന്നത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിമാനം വൈകി എന്നതടക്കമുളള പല ന്യായീകരണങ്ങൾ നിരത്തിയെങ്കിലും ഒന്നും ഏശിയില്ല.
പ്രതീക്ഷിച്ചത് പോലെ കോൺഗ്രസ് മുന്നണിക്ക് അധികാരം കിട്ടാതെ വന്നപ്പോൾ നിരാശനായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്ന കുഞ്‍ഞാപ്പ രണ്ടാമതൊരു പരീക്ഷണത്തിന് തയാറെടുക്കുന്നുണ്ടെങ്കിൽ അത് വെറുതയല്ലെന്ന് ഉറപ്പ്.