Advertisment

കാസർകോടിന്റെ ഹൃദയം ഉണ്ണിച്ചയ്ക്ക് ഒപ്പമോ അതോ എംവി ബാലകൃഷ്ണന്റെ കൂടെയൊ ? കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും കരുത്തിൽ ഭൂരിപക്ഷം കൂട്ടുമെന്ന് യുഡിഎഫ് ! പയ്യന്നൂരിന്റെയും കല്യാശേരിയുടെയും കരുത്തിൽ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫും. കഴിഞ്ഞ വർഷത്തെ വോട്ട് നിലനിർത്താനായില്ലെങ്കിൽ ബിജെപിയിൽ കലഹം ഉറപ്പ് ! വോട്ടെണ്ണും വരെ സസ്പെൻസ് നിലനിർത്തി സപ്തഭാഷ സംഗമ ഭൂമി

ഇത്തവണ 76.04 ശതമാനമാണ് മണ്ഡലത്തിൽ പോൾ ചെയ്ത വോട്ട്. 2019 ൽ ഇത് 80. 65 ശതമാനമായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് ആരെ ബാധിക്കുമെന്ന് കണ്ടറിയണം.

New Update
mv balakrishnan rajmohann unnithan ml aswini

കോഴിക്കോട്: ഒരു കാലത്ത് ഇടതുകോട്ടയെന്ന വിശേഷണമുണ്ടായിരുന്ന കാസർകോട് ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു ടേമായി എൽഡിഎഫിന് കാര്യങ്ങൾ അത്ര സുഗമമല്ല. കഴിഞ്ഞ തവണ രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ അട്ടിമറി വിജയം നേടി സിപിഎമ്മിനെ ഞെട്ടിക്കുകയും ചെയ്തു. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സിപിഎമ്മിന് അത് സാധ്യമാകുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

Advertisment

ഇത്തവണ 76.04 ശതമാനമാണ് മണ്ഡലത്തിൽ പോൾ ചെയ്ത വോട്ട്. 2019 ൽ ഇത് 80. 65 ശതമാനമായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് ആരെ ബാധിക്കുമെന്ന് കണ്ടറിയണം.


യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ വർഷത്തെക്കാൾ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. 40438 ആയിരുന്നു കഴിഞ്ഞ തവണ ഉണ്ണിത്താന്റെ ഭൂരിപക്ഷം. 


എന്നാൽ പാർട്ടിക്കുള്ളിൽ ഉണ്ണിത്താന് എതിർപ്പുണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. ജില്ലയിലെ ഭൂരിപക്ഷം നേതാക്കളുമായി ഉണ്ണിത്താൻ നല്ല ബന്ധത്തിലായിരുന്നില്ല. ഇത് തിരിച്ചടിക്കുമെന്ന് പറയുന്നവരുമുണ്ട്.

എൽഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പാർട്ടി നേതൃത്വത്തിൽ സ്വാധിനമുള്ള എംവി ബാലകൃഷ്ണന് പക്ഷേ അണികളിൽ അത്രകണ്ട് ചലനമുണ്ടാക്കാനായോ എന്ന് സംശയമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും മണ്ഡലം തിരിച്ചു പിടിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.

ബിജെപി സ്ഥാനാർത്ഥി എംഎൽ അശ്വനിക്ക് പാർട്ടി വോട്ടുകൾ പൂർണമായും സമാഹരിക്കാനായോ എന്നത് കണ്ടറിയണം. പ്രചാരണം ഊർജ്ജിതം ആയിരുന്നെങ്കിലും പരമ്പരാഗത വോട്ടുകൾ കിട്ടിയോ എന്ന് പാർട്ടിക്കാർക്ക് ഉറപ്പ് അത്രയ്ക്ക് ഇല്ല.


കഴിഞ്ഞ തവണ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വലിയ ലീഡാണ് ഉണ്ണിത്താനെ തുണച്ചത്. കാസർകോട്  41223, മഞ്ചേശ്വരത്ത് 35421 എന്നിങ്ങനെയായിരുന്നു ഉണ്ണിത്താന്റെ ലീഡ്. ഉദുമയിൽ 8937 വോട്ട് ലീഡ് നേടാനും ഉണ്ണിത്താന് കഴിഞ്ഞു.


തൃക്കരിപ്പൂർ, കല്യാശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ഇടതുമുന്നണി മുന്നിലെത്തി. പക്ഷേ പാർട്ടി കോട്ടയിൽ ലീഡ് തീരെ കുറഞ്ഞതാണ് അന്ന് തിരിച്ചടിയായത്.

നാലിടത്തുമായി 43935 വോട്ടായിരുന്നു അന്ന് എൽഡിഎഫ് ലീഡ് നേടിയത്. ഇക്കുറിയും പാർട്ടി കോട്ടകളിൽ പോളിങ് കുറഞ്ഞത് തിരിച്ചടിക്കുമോയെന്ന ഭയവും എൽഡിഎഫിനുണ്ട്.

കഴിഞ്ഞ തവണ രവീശ തന്ത്രി കുണ്ടാർ നേടിയ 1.76 ലക്ഷം വോട്ട്‌ നിലനിർത്താനാകുമോയെന്ന വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. വോട്ട് വിഹിതം കുറഞ്ഞാൽ അത് ബിജെപിയിൽ കലഹമുണ്ടാക്കുമെന്ന്  ഉറപ്പാണ്.

Advertisment