/sathyam/media/media_files/DSH1KyPgq5MLTzAhrevq.jpg)
കോഴിക്കോട്: മുസ്ലിം ലീഗിലെ രാജ്യസഭാ സീറ്റ് മോഹികൾക്ക് ആശ്വാസം.രാജ്യസഭയിലേക്ക് പോകാനില്ലെന്ന് ദേശിയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി വ്യക്തമാക്കിയതാണ് രാജ്യസഭാ സീറ്റ് മോഹികൾക്ക് ആശ്വാസം പകർന്നിരിക്കുന്നത്. രാജ്യ സഭാ സീറ്റ് വേണ്ടന്ന് കുഞ്ഞാലിക്കുട്ടി തന്നെയാണ് വ്യക്തമാക്കിയത്.
ലീഗിന് ഉറപ്പായ രാജ്യസഭാ സീറ്റ് വാങ്ങി കുഞ്ഞാലിക്കുട്ടി ദേശിയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുമെന്ന് പ്രചരണം ഉണ്ടായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാൽ കേന്ദ്രമന്ത്രി ആകുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി രാജ്യസഭാ സീറ്റ് നേടിയെടുക്കുന്നത് എന്നായിരുന്നു പ്രചരണം.
ഇ. അഹമ്മദിനെ പോലെ കേന്ദ്ര മന്ത്രിസഭയിൽ അംഗമാകുക എന്നത് കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമായിരുന്നു. എന്നാൽ കേന്ദ്രമന്ത്രി മോഹം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പ്രഖ്യാപിക്കുമ്പോൾ എന്താണ് മനസിലിരുപ്പ് എന്നറിയാതെ കുഴങ്ങുകയാണ് ലീഗ് നേതാക്കൾ.
എട്ട് കൊല്ലമായി സംസ്ഥാനത്ത് അധികാരം ഇല്ലാതെ നിൽക്കുന്നതിൽ ലീഗ് നേതാക്കൾ പൊതുവിൽ അസ്വസ്ഥരാണ്. കേന്ദ്രത്തിൽ ബി.ജെ.പിയുടെ അപ്രമാദിത്വം നിലനിൽക്കുന്നതിനാൽ അവിടെ അധികാരത്തിന്റെ ഭാഗമാകാനുളള സാധ്യതയും ഇല്ല. കേരളത്തിൽ ഇടതിന് തുടർ ഭരണം ലഭിച്ച ജനവിധി ആവർത്തിക്കുമോ എന്ന ആശങ്കയും ലീഗ് നേതാക്കൾക്ക് ഉണ്ട്.
ദേശീയതലത്തിൽ ബിജെപി വിരുദ്ധ വികാരം ശക്തിപ്പെടുന്നതും ഇന്ത്യാ സഖ്യം അധികാരത്തിൽ എത്താനുള്ള സാധ്യത തെളിയുന്നതും കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് പോകാൻ ആഗ്രഹിച്ചത്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാനുള്ള തീരുമാനത്തിന് കുഞ്ഞാലിക്കുട്ടി പിന്തിരിഞ്ഞത് ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരാനുള്ള, സാധ്യത മുന്നിൽക്കണ്ടാണെന്നാണ് പുറത്തുവരുന്ന സൂചന.
400 സീറ്റ് എന്ന മോഹ സംഖ്യയിലേക്ക് ബിജെപി എത്തിയില്ലെങ്കിലും എൻഡിഎ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിലയിരുത്തൽ. ഇതുകൊണ്ടാണ് ഒഴിവരുന്ന രാജ്യസഭാ സീറ്റ് കുഞ്ഞാലിക്കുട്ടി വേണ്ടെന്നു വെച്ചതെന്നും സൂചനയുണ്ട്. ഇപ്പൊൾ തന്നെ ഏറെ ചുമതലകൾ ഉണ്ടെന്നും അതിൽ വ്യാപൃതനായത് കൊണ്ട് രാജ്യസഭയിലേക്ക് ഇല്ലന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി നൽകുന്ന വിശദീകരണം.
യു.ഡി.എഫിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കിയ പി.കെ കുഞ്ഞാലിക്കുട്ടി, സ്ഥാനാർഥി ആരാണെന്നത് സംബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേർത്തു. സ്ഥാനാർഥി ആരാണെന്നതിനെ സംബന്ധിച്ച് ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യസഭയിലേക്ക് ആരെന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല, സാദിഖലി ശിഹാബ് തങ്ങളുടെ സമയം അനുസരിച്ച് അത് ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ രാജ്യസഭ സീറ്റിൽ ആരെ മത്സരിപ്പിക്കും എന്നതിനെ സംബന്ധിച്ച് മുസ്ലിംലീഗിനുള്ളിൽ ചർച്ചകൾ സജീവമാണ്. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തുറന്ന ചർച്ചമതിയെന്നാണ് ധാരണ.
കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഡോ.എം.കെ മുനീർ എന്നിവരുടെ പേരുകളാണ് രാജ്യസഭയിലേക്ക് സജീവമായി പറഞ്ഞു കേൾക്കുന്നത്.
ലോക്സഭാ സീറ്റ് എന്ന് ആവശ്യം നടക്കാതെ വന്നപ്പോൾ രാജ്യസഭാ സീറ്റിനു വേണ്ടി ഏറെ സമ്മർദ്ദം ചെലുത്തിയ യൂത്ത് ലീഗും സീറ്റിനുവേണ്ടി ആഗ്രഹിക്കുന്നുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്, ഫൈസൽ എന്നിവരുടെ പേരുകളാണ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ യൂത്ത് ലീഗിന് പരിഗണന ലഭിക്കുമോ എന്ന കാര്യം സംശയമാണ്.
ഇന്ത്യാ മുന്നണിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാധ്യത മങ്ങിയാൽ പി.എം.എ സലാം രാജ്യസഭയിലേക്ക് പോകാനാണ് സാധ്യത. പാർട്ടി തീരുമാനങ്ങളുടെ ചാലകശക്തിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് പി.എം.എ സലാം. കുഞ്ഞാലിക്കുട്ടി തന്നെ പി എം എ സലാമിന്റെ പേര് നിർദ്ദേശിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.
പി എം എ സലാമിനെ ഡൽഹിയിലേക്ക് അയച്ചാൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാം. പി.എം. എ സലാം, ജനറൽ സെക്രട്ടറി പദവി കൈയ്യാളുന്നതിൽ സമസ്തയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. സമസ്തയുമായുള്ള ഭിന്നത തീർക്കാൻ അനുരഞ്ജന ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പി എം എ സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത് വലിയ വിട്ടുവീഴ്ചയായി കണക്കാക്കപ്പെടും.
ഇതോടെ ലീഗ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. നേതാവായിരുന്ന പി എം എ സലാം ഏതാനും വർഷങ്ങൾക്കു മുമ്പാണ് ലീഗിൽ എത്തിയത്. ഐഎൻഎൽ നിന്ന് വന്ന പിഎംഎ സലാമിന് ജനറൽ സെക്രട്ടറി പദം കൊടുത്തതിൽ ലീഗ് നേതാക്കൾക്കും അതൃപ്തി ഉണ്ട്.
സലാമിനെ രാജ്യസഭയിൽ അയച്ച് കൊണ്ട് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുമ്പോൾ ആ പ്രശ്നത്തിനും പരിഹാരം കാണാം. അങ്ങനെ പലവിധ ലക്ഷ്യങ്ങളോടെയാണ് പിഎംഎ സലാമിനെ രാജ്യസഭയിലേക്ക് അയക്കാനുള്ള ധാരണ രൂപപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്ന് രാജ്യസഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us