പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതിൻ്റെ പിന്നിൽ സർക്കാറിൻ്റെ ഒളിച്ചു കളി - കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ

New Update
kata

കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിൽ മുപ്പത് ശതമാനത്തോളം കുറയുന്ന കാഴ്ചയാണ് പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ അഭിമുഖീകരിക്കുവാൻ പോകുന്നതെന്നും സംസ്ഥാന സർക്കാരിൻ്റെ സമീപനമാണെന്ന് ഇതിൻ്റെ കാരണമെന്നും കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെഎടിഎ) സംസ്ഥാന കമ്മറ്റി യോഗം കുറ്റപ്പെടുത്തി.

Advertisment

ഒരു പെട്ടിക്കട തുടങ്ങാൻ പോലും വേണ്ടത്ര നിയമങ്ങൾ പാലിക്കേണ്ട നമ്മുടെ നാട്ടിൽ സർക്കാരിൻ്റെ ഒത്താശയോടെ നിരവധി സ്കൂളുകളാണ് കൂണു പോലെ ഓരോ വർഷവും മുളച്ച് പൊങ്ങുന്നത്. സ്വകാര്യ സ്കൂളുകൾ എന്ന വ്യാജേന യാതൊരു അടിസ്ഥാന സൗകര്യങ്ങളും, കെ.ഇ.ആർ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം അംഗീകാരം ഇല്ലാത്ത സ്കൂളുകൾ പൊട്ടിമുളച്ചു കൊണ്ടിരിക്കുന്നത്.

ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശ നടക്കുന്നു എന്നതിൽ സംശയം ഇല്ല. പുതിയ അക്കാദമിക് വർഷമായ 2024-25 ലേക്കുള്ള സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.

2016 ന് ശേഷം നിയമിതരായ എയ്ഡഡ് അധ്യാപകർക്കുള്ള തൊഴിൽ സംരക്ഷണം സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്. അവരുടെ നിലനിൽപ്പ് തന്നെ ഓരോവർഷവും ആശങ്ക ഉണ്ടാക്കുന്ന രീതിയിലാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് അനംഗീകൃത സ്കൂളുകളുടെ തഴച്ച് വളരൽ.

വിദ്യാഭ്യാസമേഖലയിൽ നിന്ന് സർക്കാർ പിൻമാറി സ്വകാര്യ ലോബികൾക്ക് വിദ്യാഭ്യാസ മേഖലയിൽ പിടി മുറുക്കാനായിട്ടുള്ള അവസരം നൽകുന്ന നീക്കമാണ് ഇത്. അല്ലാത്ത പക്ഷം മതിയായ വിദ്യാഭ്യാസ ഓഫീസർമാർ സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും, സബ് ജില്ലാ തലത്തിലും ഉണ്ടായിട്ട് പോലും ഇത്തരം സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് എന്തിനാണ് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെഎടിഎ ആവശ്യപ്പെട്ടു.

എയ്ഡഡ് അധ്യാപകരുടെ തസ്തിക കുട്ടികൾ കുറഞ്ഞാൽ നഷ്ടപ്പെടുന്ന നിലവിലെ കെ.ഇ.ആർ വ്യവസ്ഥ പുന:പരിശോധിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. സ്ക്കൂളുകളിൽ കുട്ടികളെ കുറയ്ക്കുവാനുതകുന്ന സ്വകാര്യ മേഖലയെ സഹായിക്കാനുതകുന്ന ഇത്തരം സമാന്തര പ്രവർത്തനം ഏർപ്പെടുത്തിയാൽ എങ്ങനെയാണ് എയ്ഡഡ് ജീവനക്കാർക്ക് അതിനെ അതിജീവിക്കാൻ സാധിക്കുമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി.

2016 ന് ശേഷം നിയമിതരായവരെ നോഷണലായി അപ്രൂവൽ നൽകി അഞ്ച് വർഷക്കാലത്തെ ശമ്പളം ജലരേഖയാക്കി മാറ്റിയ സർക്കാർ ഇത്തരം ജീവനക്കാരെ പുകച്ച് പുറത്ത് ചാടിക്കാനായാണ് അനംഗീകൃത സ്കൂളുകൾക്ക് പ്രോൽസാഹനം കൊടുക്കുന്നതെന്നുള്ള കാര്യം പരമാർത്ഥമാണെന്നും ഈ വിഷയത്തിൽ അടിയന്തിരമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ ഇടപെട്ട് അനംഗീകൃത സ്കൂളുകളുടെ പ്രവർത്തനാനുമതി തടയണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാൽ, പി.ആർ. അനിൽകുമാർ, ബി. ശ്രീപ്രകാശ്, അലക്സ്.പി. ജേക്കബ്, രാധാകൃഷ്ണ പിള്ള, അജിതകുമാരി, ഷജീർ ഖാൻ വയ്യാനം, എം.എ.സാജിദ്, സുധീഷ് കേശവപുരി, ആർ.ഷാൻ, ഹബീബ് തങ്ങൾ എന്നിവർ സംസാരിച്ചു.

Advertisment