കേരള - യുഎഇ കപ്പൽ സർവീസ് ആരംഭിക്കാനുള്ള സർക്കാർ പ്രവർത്തനങ്ങളിൽ പ്രവാസികൾക്ക് പ്രതീക്ഷ - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update
press meet mdc kozhikode

മലബാർ ഡെവലപ്മെന്റ് കൗൺസിൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡണ്ട്  ഷെവലിയാ ർ സി. ഇ. ചാക്കുണ്ണി സംസാരിക്കുന്നു. ജനറൽ സെക്രട്ടറി അഡ്വ. എം കെ അയ്യപ്പൻ, വൈസ് പ്രസിഡണ്ട്  ബേബികിഴക്കുഭാഗം,, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, രക്ഷാധികാരി എ ശിവശങ്കരൻ  എന്നിവർ.

കോഴിക്കോട്: ആഘോഷ - അവധി വേളകളിലെ അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ സാധ്യമല്ല എന്നാണ് മലബാർ ഡെവലപ്മെന്റ് കൗൺസിൽ നൽകിയ നിവേദനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ്  അറിയിച്ചത്. സാധാരണ യാത്രക്കാർക്ക് താങ്ങാവുന്നതിലപ്പുറമുള്ള അമിത നിരക്കാണ് സീസണുകളിൽ വിമാന കമ്പനികൾ ഈടാക്കുന്നത്.

Advertisment

ഈ സാഹചര്യത്തിലാണ് മലബാർ ഡെവലപ്മെന്റ് കൗൺസിൽ വീണ്ടും യാത്ര - ചരക്കു കപ്പൽ സർവീസ് കേരള - യു.എ.ഇ സെക്ടറിൽ ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി, തുറമുഖ, ടൂറിസ, ഗതാഗത മന്ത്രിമാർ, മാരിടൈം ബോർഡ് ചെയർമാൻ, നോർക്ക, കേന്ദ്ര തുറമുഖ - ഷിപ്പിംഗ് മന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, കേരളത്തിലെ പാർലമെന്റ് അംഗങ്ങൾ എന്നിവർക്ക് നിവേദനം സമർപ്പിച്ചത്. 

കോഴിക്കോട്, കായംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ, നോർക്ക, കേരള മാരിടൈം ബോർഡ്, തുറമുഖ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ,എം ഡി സി യുഎ ഇ, കോഡിനേറ്റർ സി.എ ബ്യൂട്ടി പ്രസാദ് എന്നിവരുമായി പ്രാരംഭ ചർച്ചകൾ നടത്തി.

കേരള സർക്കാരിന്റെ അനുമതിയോടെ എം ഡി സി ഭാരവാഹികൾ യു.എ.ഇ സന്ദർശിച്ച് ബന്ധപ്പെട്ട കപ്പൽ കമ്പനി മേധാവികൾ, വർഷങ്ങൾക്കു മുമ്പ് ദുബായ് കേരള സെക്ടറിൽ യാത്രാ കപ്പൽ സർവീസ് നടത്തിയ കമ്പനി, പ്രമുഖ വ്യക്തികൾ, പ്രവാസി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ കപ്പൽ സർവീസിന്റെ സാധ്യതാ പഠനം നടത്തിയാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവർക്കും, കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും സമർപ്പിച്ചത്. ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയും പ്രോത്സാഹനവുമാണ് കേരളത്തിലെയും, ദുബായിലെയും ബന്ധപ്പെട്ടവരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. 

മുംബൈയിൽ നടന്ന  ആഗോള മാരിടൈം നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത കേരള തുറമുഖ, ഗതാഗത മന്ത്രിമാർ, മാരിടൈം ബോർഡ് ചെയർമാൻ, നോർക്ക എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാർ കേന്ദ്ര തുറമുഖ - ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണാവാൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര അനുമതി നേടി കാര്യങ്ങൾ കൂടുതൽ സുഗമമാക്കി.  

മുൻപ് രണ്ടുതവണ യുഎഇയിൽ നിന്നും കൊച്ചിയിലേക്ക് കപ്പൽ സർവീസ് നടത്തിയ ഡോക്ടർ എം.പി. അബ്ദുൽ കരീമിന്റെ അൽതാവി കമ്പനി മുഖേന ആദ്യത്തെ യാത്ര കപ്പൽ  2023 ഡിസംബർ 20ന്  ദുബായിൽ നിന്നും പുറപ്പെട്ട് ഡിസംബർ 23 കൊച്ചിയിൽ എത്തുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നു. തുറമുഖ വകുപ്പ് മന്ത്രി, കേരള മാരിടൈം ബോർഡ് സിഇഒ, എം ഡി സി യുഎഇ കോഡിനേറ്റർ എന്നിവരുമായുള്ള ഓൺലൈൻ മീറ്റിംഗിൽ അറിയിച്ചുവെങ്കിലും നവ കേരള സദസ്സും, ടെൻഡർ നടത്തണമെന്ന സാങ്കേതിക കാരണം മൂലവും നീട്ടിവെക്കുകയാണ് ഉണ്ടായത്.

ഇതുമായി ബന്ധപ്പെട്ട് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികൾ, കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചിൻ ഷിപ്പ് യാർഡ്, ടൂറിസം വകുപ്പ്, നോർക്ക, എം.ഡി.സി. എന്നിവരുമായി മാരിടൈം ബോർഡ് പ്രത്യേക താല്പര്യം എടുത്തു 2024 മാർച്ച് 27ന് കൊച്ചിയിൽ സംയുക്ത യോഗം ചേർന്ന് ടെൻഡർ സമർപ്പിച്ച കമ്പനികളുമായി വിശദമായി ചർച്ച നടത്തി. ടെൻഡർ കാലാവധി 2024 ഏപ്രിൽ 22ന് അവസാനിച്ചു.

കപ്പൽ സർവീസ് നേരത്തെ തുടങ്ങിയിരുന്നെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ സമരം മൂലം യാത്രക്കാർ ഇത്ര ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോൾ യുഎഇ - കേരള സെക്ടറിൽ വിമാനയാത്രയും കാർഗോ കയറ്റുമതിയും കൂടുതൽ ചിലവവേറിയതും, ദുഷ്കരവുമായ സാഹചര്യത്തിൽ 2024 മെയ് 13ന് വീണ്ടും മുഖ്യമന്ത്രി, തുറമുഖവകുപ്പ് മന്ത്രി, മാരിടൈം ബോർഡ് ചെയർമാൻ എന്നിവർക്ക് നാലാം ലോക കേരളസഭയ്ക്കും, ഓണ അവധി സീസണിനും മുമ്പായി കപ്പൽ സർവീസ് ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് നിവേദനം എം ഡി സി  സമർപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനും ഗൾഫിനും ഇടയിൽ കപ്പൽ സർവീസ് കുറഞ്ഞ ചിലവിൽ ഉടൻതന്നെ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചത് യാത്രക്കാർക്കും, കാർഗോ കയറ്റുമതിക്കാർക്കും, ടൂറിസ ചികിത്സ മേഖലകൾക്കും കേരളത്തിന്റെ സമഗ്ര വികസനങ്ങൾക്കും ഏറെ പ്രയോജനപ്പെടും.

ഷെവലിയാർ സി. ഇ.ചാക്കുണ്ണി (പ്രസിഡന്റ്,  മലബാർ ഡെവലപ്മെന്റ് കൗൺസിൽ), എ. ശിവശങ്കരൻ (രക്ഷാധികാരി), അഡ്വ. എം കെ. അയ്യപ്പൻ (ജനറൽ സെക്രട്ടറി), ബേബി കിഴക്കുഭാഗം (വൈസ് പ്രസിഡന്റ്), കുന്നോത്ത് അബൂബക്കർ (സെക്രട്ടറി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment