ആരോഗ്യ മേഖലയിൽ സഹകരണത്തിനൊരുങ്ങി ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കും കോഴിക്കോട് ആസ്റ്റർ മിംസും; ഗാംബിയ റിപ്പബ്ലിക് ഹൈകമ്മീഷണർ മുസ്തഫ ജവാര ധാരണ പത്രത്തിൽ ഒപ്പിട്ടു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
aster mims gambia republic

കോഴിക്കോട്:  ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കുമായി ആരോഗ്യ മേഖലയിൽ സഹകരിക്കാനൊരുങ്ങി കോഴിക്കോട് ആസ്റ്റർ മിംസ്. ഗാംബിയയിലെ ജനങ്ങൾക്ക് ലോകോത്തര ചികിത്സകളും ആരോഗ്യസേവനങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്   കൈകോർക്കുന്നത്. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഗാംബിയൻ ഹൈക്കമ്മീഷണർ മുസ്തഫ ജവാര ഒപ്പുവെച്ചു. 

Advertisment

വിദഗ്ദ്ധ ചികിത്സ, മെഡിക്കൽ ടൂറിസം, അക്കാദമിക് രംഗം എന്നിവയിലാണ് സഹകരിക്കുന്നത്. അവയവ മാറ്റം, മിനിമൽ ആക്സസ് റോബോട്ടിക് ശസ്ത്രക്രിയകൾ, ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി, ഓങ്കോളജി, ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയകൾ ഉൾപ്പടെ ആസ്റ്റർ മിംസിൽ ലഭ്യമായ ഏറ്റവും നൂതനമായ വിദഗ്ദ്ധ ചികിത്സകൾ തന്നെ ലഭ്യമാക്കും. ഇതിനു വേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കും.

ഏറ്റവും മികച്ച രോഗീ പരിചരണം ലഭ്യമാക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സെർവിസ്സ് ഡോ എബ്രഹാം മാമ്മൻ കൂടിക്കാഴ്ചയിൽ പറഞ്ഞു. ലോകോത്തര ആരോഗ്യ സേവനങ്ങൾ നൽകുന്നതിനൊപ്പം ഗാംബിയയിൽ നിന്നുള്ള മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിന് വേണ്ട ഇടപെടലുകളും പരിശീലനവും കോഴിക്കോട് ആസ്റ്റർ മിംസിൽ നൽകും. ഇതുവഴി ഏറ്റവും മികച്ച ആരോഗ്യ സേവനം നൽകാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.

ഏതാനും ദിവസങ്ങളായി കേരള സന്ദർശനത്തിലായിരുന്ന ജവാരെ കഴിഞ്ഞ ദിവസമായിരുന്നു ഉത്തര കേരളത്തിലെ ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാലയങ്ങളിലൊന്നായ ആസ്റ്റർ മിംസിൽ എത്തിയത്. വിദഗ്ദ്ധ ചികിത്സ നൽകുന്ന ഓരോ വകുപ്പുകളിലെയും ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുകയും, പിൻഹോൾ ഇന്റെർവെൻഷൻ ഉൾപ്പെടെയുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളുടെ  പ്രവർത്തനങ്ങളും, വിദേശത്തുനിന്നും ചികിത്സക്കായെത്തുന്ന രോഗികൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും വിലയിരുത്തിയതിനു ശേഷമാണു മടങ്ങിയത്.

ഗാംബിയ റിപ്പബ്ലിക്കുമായി സഹകരിക്കുന്നതും അവിടുത്തെ ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുന്നതിന് സഹായിക്കാൻ കഴിയുന്നതും അഭിമാനാർഹമായ കാര്യമാണെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊൻമാടത്ത് പറഞ്ഞു. അവിടെ നിന്ന് വരുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ സേവനങ്ങൾ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ ഏറ്റവും കുറഞ്ഞ ചിലവിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment