/sathyam/media/media_files/AoTPDtToMR9SkruSPWWZ.jpg)
കോഴിക്കോട്: ലോക്സഭയിൽ തങ്ങൾക്ക് കിട്ടുന്ന രണ്ട് സീറ്റിലേക്കും സ്ഥാനാർത്ഥി ചർച്ച തുടങ്ങി മുസ്ലിംലീഗ്. നിലവിലെ മലപ്പുറം എംപി അബ്ദുൾ സമദ് സമദാനിക്ക് ഇക്കുറി സീറ്റ് ഉണ്ടാകില്ലെന്നാണ് സൂചന. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളാണ് ലീഗ് മത്സരിക്കുക.
മലപ്പുറത്തേക്ക് മാറാൻ ഇ.ടി
നിലവിൽ പൊന്നാനിയിൽ നിന്നുള്ള എംപിയായ ഇടി മുഹമ്മദ് ബഷീറിനെ ഒരിക്കൽ കൂടി അവസരം നൽകാനാണ് ലീഗ് ആലോചിക്കുന്നത്. ഇ.ടിക്ക് ഇക്കുറി പാർട്ടിയുടെ ഉറച്ച കോട്ടയായ മലപ്പുറം നൽകാനാണ് പാർട്ടിയിൽ ചർച്ച നടക്കുന്നത്.
2019 ൽ പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153 വോട്ടുകളായിരുന്നു. എന്നാൽ 2021 ഉപതെരഞ്ഞെടുപ്പിൽ സമദാനിയുടെ ഭൂരിപക്ഷം 1, 14, 692 ആയി കുറഞ്ഞു.
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചതിലുള്ള അതൃപ്തിയാണ് അന്ന് ഭൂരിപക്ഷം ഇടിയാൻ കാരണം. മണ്ഡലത്തിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ ലീഗ് പ്രതിനിധികൾ തന്നെയാണുള്ളത്.
ലീഗിന്റെ ഉറച്ച കോട്ടയിൽ ദൂരിപക്ഷം സംബന്ധിച്ചേ തർക്കമുണ്ടാകാനിടയുള്ളൂ.
പൊന്നാനിയിൽ കോണി കയറാൻ ഷാജി ?
മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയെന്ന് പറയുമ്പോഴും ലീഗ് വിറച്ച ചരിത്രവും പൊന്നാനിക്കുണ്ട്. ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റിയാൽ കെ.എം ഷാജിയെ പൊന്നാനിയിൽ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയായ ഷാജിയെ മത്സരിപ്പിക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് താൽപര്യക്കുറവുണ്ട്. പക്ഷേ ഷാജിയെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്താനും ഇത് സഹായിക്കുമെന്ന് ഇവർ കരുതുന്നു.
നിലവിൽ പൊന്നാനിയിൽ നിയമ സഭാതെരഞ്ഞെടുപ്പിന് ശേഷം മുന്നണികൾ തമ്മിൽ വെറും 4672 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. മണ്ഡലത്തിലെ പൊന്നാനി, തവനൂർ, താനൂർ, തൃത്താല മണ്ഡലങ്ങൾ ഇടതുമുന്നണിക്കൊപ്പമാണ്.
യുഡിഎഫിനൊപ്പം തിരൂർ, തിരൂരങ്ങാടി, കോട്ടയ്ക്കൽ മണ്ഡലങ്ങളാണുള്ളത്. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളും ലീഗിനെ കൈയയച്ചു സഹായിക്കാറുണ്ട്. എങ്കിലും ഇടതുപക്ഷത്ത് മികച്ച സ്ഥാനാർത്ഥി വന്നാൽ മത്സരം കടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us