/sathyam/media/media_files/2025/01/21/eoZaLVtU1F8OtP96N9UU.jpg)
കോഴിക്കോട്: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറ്റുകയും താന്ത്രിക വിദ്യാഭ്യാസം നേടിയ എല്ലാ ഹിന്ദുക്കൾക്കും പൂജാരി നിയമനം നൽകുകയും വേണമെന്ന ശിവഗിരി മഠത്തിൻ്റെയും ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെയും ആവശ്യം സർക്കാറും ദേവസ്വം ബോർഡും പരിഗണിക്കണമെന്ന് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പ്രസ്താവിച്ചു.
ഇത്തരം ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ച് നിൽക്കുന്ന നവോത്ഥാന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ് എൻ ഡി പി യോഗം പുല്ലാളൂർ ശാഖയുടെ 12 മത് വാർഷിക പൊതുയോഗത്തിൻ്റെയും കുടുംബ സംഗമത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡൻ്റ് കെ വി ഭരതൻ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതമ്പാറ മുഖ്യ പ്രഭാഷണം നടത്തി.
യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സംഘടനാ സന്ദേശം നൽകുകയും 95 വയസ്സ് തികഞ്ഞ ശ്രീനാരായണീയൻ നടരാജൻ മാസ്റ്ററെ ആദരിക്കുകയും ചെയ്തു.
പി.കെ വിമലേശൻ, പി അപ്പു, ലീലാവിമലേശൻ, കെ വി സോമനാഥൻ, വിലാസിനി ചെറുവലത്ത്, ശോഭ സോമനാഥൻ,കോമള കരിയാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: എസ് എൻ ഡി പി യോഗം പുല്ലാളൂർ ശാഖയുടെ 12 മത് വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വഹിക്കുന്നു.