Advertisment

ലഹരിവ്യാപനത്തിനെതിരെ മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

New Update
anty drug class

അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസില്‍ എക്‌സൈസ് ഓഫീസര്‍ ഷഫീഖ് അലി സംസാരിക്കുന്നു

കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ വ്യാപനം തടയാനായി മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഓഫീസര്‍ ഷഫീഖ് അലി ബോധവത്കരണ ക്ലാസെടുത്തു. 

Advertisment

മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ ദോഷഫലങ്ങളെക്കുറിച്ച് സംസാരിച്ചു. 'കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ സ്വാധീനം അവരുടെ കൂട്ടുകാര്‍ ആണ്. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരുണ്ടെങ്കില്‍, അവര്‍ അതിലേക്കും ആകര്‍ഷിക്കപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.

ലഹരി വസ്തുക്കളുടെ വിപുലമായ ലഭ്യതയും, അവ ലഭിക്കുന്നതിനുള്ള അനായാസ മാര്‍ഗ്ഗങ്ങളും കുട്ടികളെ അതിലേക്ക് അടുപ്പിക്കുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് സമൂഹം ജാഗ്രതയോടുകൂടി നിലകൊള്ളേണ്ടത് ഉണ്ട്. ലഹരിയുടെ അപകടങ്ങളും അവ സമൂഹത്തിനും യുവജനങ്ങള്‍ക്കും ഉണ്ടാക്കുന്ന ആഘാതങ്ങള്‍  ഒട്ടും ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന മാരകമായ കാന്‍സര്‍, ഹൃദയ രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുവാനും, ഇത് കുട്ടികളിലെത്തിച്ചുകൊടുക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നിയമനടപടികളും അദ്ദേഹം വിശദീകരിച്ചു.

കുട്ടികളില്‍ ബോധവല്‍ക്കരണം ജനിപ്പിക്കാനും ലഹരിയെ അകറ്റി നിര്‍ത്താനുമുള്ള ഉത്തരവാദിത്തം സമൂഹമാകെ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രിന്‍സിപ്പല്‍ ഷാനവാസ് കെ.ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദു സാലിം, അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ ഹമീദ ബാനു, അധ്യാപകര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment