കടംവാങ്ങിയ 500 രൂപ തിരികെ ചോദിച്ചു; കത്തിക്കുത്തേറ്റ് രണ്ട് ബസ് ജീവനക്കാർ ഗുരുതരാവസ്ഥയിൽ

കിനാലൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരായ കിനാലൂർ കിഴക്കുവീട്ടിൽ ഷിജാദ് (35), വയലട കണ്ണാരത്തോട്ടത്തിൽ സജിത്ത് (30) എന്നിവർക്കാണ് കുത്തേറ്റത്.

New Update
aaa1111111.jpg

ബാലുശ്ശേരി: കടംവാങ്ങിയ 500 രൂപ തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ് രണ്ട് ബസ് ജീവനക്കാർ ഗുരുതരാവസ്ഥയിൽ. ബാലുശ്ശേരി കിനാലൂർ ഏഴുകണ്ടിയിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരായ കിനാലൂർ കിഴക്കുവീട്ടിൽ ഷിജാദ് (35), വയലട കണ്ണാരത്തോട്ടത്തിൽ സജിത്ത് (30) എന്നിവർക്കാണ് കുത്തേറ്റത്.

Advertisment

ഒരാൾക്ക് നെഞ്ചിലും മറ്റെരാൾക്ക് വയറിലുമാണ് പരിക്ക്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കുമാറ്റി. പ്രതികളായ കരുമല കുന്നുമ്മൽ ബബിജിത്ത് (41), കിനാലൂർ ഏഴുകണ്ടി കൈതച്ചാലിൽ കെ സി മനീഷ് (37), കരുമല പാറച്ചാലിൽ പിസി ശരത് ലാൽ (36) എന്നിവരെ ബാലുശ്ശേരി എസ്ഐ റഫീഖ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ,

കുത്തേറ്റ ഷിജാദിന്റെയും സജിത്തിന്റെയും സുഹൃത്തും ബസ് ജീവനക്കാരനുമായ സജിനിൽ നിന്ന് മനീഷ് 500 രൂപ കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച സജിനെ മനീഷ് കൈയേറ്റം ചെയ്തു. ഇത് ചോദ്യംചെയ്ത ഷിജാദിനെയും സജിത്തിനെയും മനീഷും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയായിരുന്നു. ഒടുവിൽ പ്രതികൾ കത്തിയെടുത്ത് ഇരുവരെയും കുത്തുകയായിരുന്നു.

bus
Advertisment