എഐ സ്റ്റാർട്ടപ്പ് കൊക്കോസ് കേരളത്തിലെ സ്കൂളുകളിൽ 100 എഐ റോബോട്ടിക്സ് ലാബുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു

New Update
kokos startup

കോഴിക്കോട്: നിർമിത ബുദ്ധിയും (എഐ) റോബോട്ടിക്സ് വിദ്യാഭ്യാസവും നൽകുന്ന മലപ്പുറം തിരുർ ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാർട്ടപ്പായ കൊക്കോസ്, കേരളത്തിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 100 എഐ റോബോട്ടിക്സ് ലാബുകൾ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു.

Advertisment

അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം. കോഴിക്കോട് വെച്ച് നടന്ന പത്രസമ്മേളനത്തിൽ കമ്പനി അധികൃതർ ഇക്കാര്യം അറിയിച്ചു.

പദ്ധതിയുടെ ആദ്യ നിർമിത ബുദ്ധി റോബോട്ടിക്‌സ് ലാബ് മലപ്പുറം പുറത്തൂർ സർക്കാർ യു പി സ്കൂളിൽ ആഗസ്റ്റ് 13 ന് രാവിലെ 10.30 മണിക്ക് കെ ടി ജലീൽ എം എൽ എ ഉദ്‌ഘാടനം ചെയ്യും. 18 ലക്ഷം രൂപ മുടക്കിലാണ് ലാബ്
സ്ഥാപിച്ചിട്ടുള്ളത്.

കേരളത്തിൽ ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. ഈ സംരംഭത്തിലൂടെ, വിദ്യാർത്ഥികൾക്ക് എഐ, റോബോട്ടിക്സ് എന്നിവയിൽ പ്രായോഗിക പരിശീലനവും ആഴത്തിലുള്ള അറിവും നേടാൻ സാധിക്കും. നഗര-ഗ്രാമീണ മേഖലകളിലെ സാങ്കേതികവിദ്യാ വിടവ് കുറച്ച്, എല്ലാ കുട്ടികൾക്കും ഈ നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുക എന്നതാണ് കൊക്കോസിന്റെ പ്രധാന ലക്ഷ്യം.

നിർമിത ബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിൽ, കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ എഐ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്. മൊബൈൽ ഫോണുകൾ, സോഷ്യൽ മീഡിയ, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ എഐയുടെ സ്വാധീനം
വ്യക്തമാണ്. ഈ സാങ്കേതികവിദ്യകളെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ കുട്ടികൾക്ക് പുതിയ ലോകത്ത് അതിജീവിക്കാനുള്ള കഴിവുകൾ നേടാനാകുമെന്ന് കൊക്കോസ് ചൂണ്ടിക്കാട്ടുന്നു.

"ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന്റെ മുൻപന്തിയിൽ എഐയുണ്ട്. യന്ത്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിപ്പിക്കുക മാത്രമല്ല, കുട്ടികളിൽ വിമർശനാത്മകമായ ചിന്തയും സർഗാത്മകമായ പ്രശ്നപരിഹാര ശേഷിയും വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് കോഡിംഗ് മാത്രമല്ല, ഭാവി ലോകത്തെ രൂപപ്പെടുത്താൻ അവരെ പ്രാപ്തരാക്കുന്നതിനുള്ള ഒരുക്കമാണ്," കൊക്കോസ് ചീഫ് ടെക്നിക്കൽ ഓഫീസർ ഷഫീഖ് റഹ്മാൻ വ്യക്തമാക്കി. 

പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ പഠന പ്ലാറ്റ്‌ഫോമും ലോകോത്തര നിലവാരമുള്ള പാഠപുസ്തകങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ പാഠ്യപദ്ധതി, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ബന്ധിപ്പിച്ച്, കുട്ടികളിൽ യുക്തിപരമായ ചിന്തയും ശാസ്ത്രീയ മനോഭാവവും വളർത്താൻ സഹായിക്കും.

എഐയെക്കുറിച്ച് അറിവുള്ളവർക്ക് വളർന്നുവരുന്ന തൊഴിൽ മേഖലകളിൽ ശോഭിക്കാൻ സാധിക്കുമെന്ന് കൊക്കോസ് സിപിഒ സൂരജ് രാജൻ പറഞ്ഞു. റോബോട്ടിക്സ് ലാബുകളിലൂടെ ലഭിക്കുന്ന പ്രായോഗിക പരിശീലനം കുട്ടികളെ അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കും.

ഈ സംരംഭം, വിദ്യാർത്ഥികളെ പരീക്ഷകൾക്ക് മാത്രമല്ല, ജീവിതത്തിനും സജ്ജരാക്കി, അവരെ ഭാവിയിലേക്ക് ഒരുക്കുകയും മികച്ച ഒരു ലോകം സൃഷ്ടിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.

വാർത്തസമ്മേളനത്തിൽ കൊക്കോസ് ചീഫ് ടെക്നിക്കൽ ഓഫീസർ ഷഫീഖ് റഹ്മാൻ, ചീഫ് പ്രോഗ്രാം ഓഫീസർ സൂരജ് രാജൻ, ബിസിനസ് പ്രമോഷൻ ഹെഡ് തസ്‌നി കമറുദ്ധീൻ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: സൂരജ് രാജൻ - 7025983199

Advertisment