കോഴിക്കോട്: മത - ഭൗതിക കോഴ്‌സുകൾ കാലോചിതമായ് സമന്വയിപ്പിച്ച് നൽകുന്ന കേരളത്തിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രമുഖമായ ചേന്നമംഗലൂർ ഇസ്‌ലാഹിയ കോളേജിൽ അനുസ്മരണ - സർഗാത്മക - ബാച്ച് ഒത്തുചേരലുകൾക്ക് വേദിയൊരുങ്ങുന്നു. സ്ഥാപനത്തിന്റെ ശില്പികളിൽ ഒരാളും മാപ്പിള ഗാനരചയിതാവുമായ പരേതനായ യു.കെ ഇബ്രാഹിം അബൂസഹ്‌ല അനുസ്മരണമാണ് പ്രധാന പരിപാടി.
സെപ്റ്റംബർ 13 ന് അരങ്ങേറുന്ന മുഴുദിന പരിപാടിയിൽ ഇസ്ലാമിക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇസ്‌ലാമിക ഗാനരചനാ മത്സരം, പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇസ്ലാമിക ഗാനാലാപന മത്സരം, യുകെയുടെ ലോകം എന്ന നാമകരണത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ആസ്വാദനം, "പാട്ടും പറച്ചിലും", അക്കാദമിക് സെമിനാർ, പൂർവ വിദ്യാർത്ഥികളുടെ ബാച്ച് സംഗമം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാഹിയ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഇക്കോസയുടെ നേതൃത്വത്തിലുള്ള ഇവന്റ് വമ്പിച്ച വിജയമാക്കാൻ കഴിഞ്ഞ ദിവസം രൂപവത്കരിച്ച സ്വാഗത സംഘം കർമരംഗത്തിറങ്ങി. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കെ സുബൈർ ചെയർമാനും ഇക്കോസ പ്രസിഡന്റ് ഡോ. സി പി ശഹീദ് റംസാൻ ജനറൽ കൺവീനറുമായി എഴുപതംഗ കമ്മിറ്റിയാണ് സ്വാഗത സംഘം.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീർ, ഇക്കോസ ജനറൽ സെക്രട്ടറി ഷെബിൻ മെഹ്ബൂബ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്വാഗത സംഘം രൂപവത്കരിച്ചത്.
ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രസിദ്ധമായിരുന്ന "മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടാമെന്നോണം", പ്രവാചകന്റെ ഹിജ്‌റയുടെ ആദ്യാവസാന ഗാനാവിഷ്കാരം എന്നിവ യുകെ അബൂസഹ്‌ലയുടെ ഹിറ്റ് രചനകളിൽ പെടുന്നു.
മറ്റൊരു പ്രദേശവാസിയായിരിക്കെ ചേന്ദമംഗലൂരിലെത്തി അവിടെ ഇസ്‌ലാഹിയ എന്ന ഒരു മഹാസ്ഥാപനത്തിന് തുടക്കമിട്ടു എന്ന ചരിത്രദൗത്യവും പരേതനായ യു.കെ അബൂസഹ്‌ലയുടെ ജീവിതസംഭാവനയാണ്.